മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിനൊപ്പം ഇറങ്ങിപ്പോയി; തുടക്കം മുതൽ മർദനം, എത്തിയത് പിതാവിനെ കൊല്ലാൻ

താമരശ്ശേരി∙ ഈങ്ങാപ്പുഴ കക്കാട് കൊല്ലപ്പെട്ട ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതൽ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാൽ കൂട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഇവർ വിവാഹം റജിസ്റ്റർ ചെയ്തു.കക്കാട് നക്കലമ്പാട് പ്രദേശത്ത് അയൽവാസികളായിരുന്നു യാസിറും ഷിബിലയും. അവിടെ വച്ചാണ് ഇവർ ഇഷ്ടത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാട് നിന്നുപോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നിൽ ലഹരി ഇടപാട് ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഷിബിലയെ യാസിർ മർദിച്ചിരുന്നുവെന്ന് അയൽവാസിയായ ബിജു പറഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലാതെ യാസിറിനൊപ്പം ഇറങ്ങിപ്പോയതിനാൽ തിരികെ വീട്ടിലേക്ക് വരാനോ പ്രശ്നങ്ങൾ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല. കുട്ടിയുണ്ടായി കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് ഷിബില സ്വന്തം വീട്ടിലേക്ക് വരാൻ തുടങ്ങിയത്. സഹോദരിയുടെ വിവാഹശേഷം ഷിബിലയുടെ സ്വന്തം വീട്ടിൽ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രവാസിയായിരുന്ന അബ്ദുറഹ്മാൻ വീടിനോട് ചേർന്ന് കട നടത്തുകയായിരുന്നു.
Source link