LATEST NEWS

ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ടു മുറിവുകൾ, ശരീരത്തിലാകെ 11 മുറിവുകൾ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്


താമരശ്ശേരി (കോഴിക്കോട്) ∙ പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട് കുടുംബ വഴക്കിനിടയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച ഷിബിലയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.  കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ രണ്ടു മുറിവും ആഴത്തിലുള്ളതാണ്. ശരീരത്തിലാകെ 11 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷിബിലയുടെ കൊലപാതകത്തിൽ ഭർത്താവ് കാക്കവയൽ മണ്ഡലമുക്ക് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യാപിതാവും മാതാവും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 7.10ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബഹളവും കരച്ചിലും കേട്ടു നാട്ടുകാർ എത്തുമ്പോഴേക്കും കാറിൽ കടന്നുകളഞ്ഞ യാസിറിനെ രാത്രി വൈകി മൊഡിക്കൽ കോളജ് വളപ്പിൽനിന്നാണ് പൊലീസ് പിടികൂടിയത്.  2020ൽ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. 3 മാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്.ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കിൽ കൊല്ലുമെന്നു യാസിർ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന(44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്റെ പരുക്ക് ഗുരുതരമാണ്. ആംബുലൻസിൽ ആദ്യം സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ഷിബില സംഭവസ്ഥലത്തു തന്നെ മരിച്ചതായി പറയുന്നു. ഷിബില–യാസിർ ദമ്പതികളുടെ കുടുംബ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ഇന്നോ നാളെയോ മധ്യസ്ഥശ്രമം നടക്കാനിരിക്കെയാണ് കൊലപാതകം.


Source link

Related Articles

Back to top button