KERALAM

റാഗിംഗ്: കർമ്മസമിതി ഉടൻ വേണമെന്ന് ഹൈക്കോടതി

കൊച്ചി:റാഗിംഗ് തടയാനുള്ള അഭിപ്രായങ്ങൾ സ്വരൂപീച്ച് ശുപാർശകൾ നൽകാൻ ഒരാഴ്ചയ്ക്കകം കർമ്മസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഒരു മാസം കൂടി സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം നിരാകരിച്ചു. റാഗിംഗ് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ഹർജി വീണ്ടും പരിഗണിക്കുന്ന 26ന് സർക്കാർ കർമ്മസമിതിയുടെ ഘടന സംബന്ധിച്ച കരട് സമർപ്പിക്കണം.

യു.ജി.സിയുടെയും കെൽസയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. റാഗിംഗ് വിരുദ്ധ നിയമങ്ങളും ഉത്തരവുകളുമുണ്ടെങ്കിലും അവ നടപ്പാക്കാൻ നിയമപരമായ ചട്ടക്കൂടില്ലെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ചട്ടങ്ങൾ രൂപീകരിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുന്നതെന്നും പ്രത്യേക ബെഞ്ച് വ്യക്തമാക്കി.

വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന കർമ്മസമിതി രണ്ടാഴ്ചയ്‌ക്കകം രൂപീകരിക്കണമെന്ന് മാർച്ച് 5ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


Source link

Related Articles

Back to top button