LATEST NEWS

‘ഇനി സമയം ചോദിക്കരുത്’: റാഗിങ് വിഷയത്തിൽ എത്രയും വേഗം വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി


കൊച്ചി ∙ റാഗിങ് വിഷയത്തിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാൻ സമയം നീട്ടി ചോദിച്ച സർക്കാരിനോട് ഒരാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച് അറിയിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ഒരു മാസത്തെ സമയമാണ് സർക്കാർ ചോദിച്ചതെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്. വർക്കിങ് ഗ്രൂപ്പ് രൂപീകരണം വേഗത്തിലാക്കണമെന്ന് നിർദേശിച്ച കോടതി, ഇനി സമയം നീട്ടി ചോദിക്കരുതെന്നും സർക്കാരിനോട് പറഞ്ഞു. കേസ് ഇനി ഈ മാസം 26ന് പരിഗണിക്കും. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കാൻ മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. സമഗ്രമായ ചട്ടങ്ങൾ രൂപീകരിക്കാനും ആവശ്യമെങ്കിൽ നിയമഭേദഗതിക്കുമായി നിർദേശങ്ങൾ ലഭ്യമാക്കാൻ വ്യക്തികളെയും സാമൂഹിക സംഘടനകളെയും അടക്കം വിവിധ മേഖലകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും നിർദേശിച്ചിരുന്നു. റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ പൊതുതാൽപര്യ ഹർ‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വർക്കിങ് ഗ്രൂപ്പ് രൂപീകരണം സംബന്ധിച്ച് കരട് നിർദേശങ്ങൾ നൽകാനായിരുന്നു ഈ മാസം അഞ്ചിനു ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതു നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച കോടതിയുടെ കർശന നിർദേശം. യുജിസി, കെൽസ പ്രതിനിധികളെയും വർക്കിങ് ഗ്രൂപ്പിൽ പരിഗണിക്കണമെന്ന് നിർദേശിച്ച കോടതി, വിവിധ മേഖലകളിൽ നിന്നുള്ളവരെയും ഇതിലേക്ക് പരിഗണിക്കാൻ സർക്കാരിനോട് നിർദേശിച്ചു. ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വെറ്ററിനറി കോളജ് വിദ്യാർഥിയായിരിക്കെ മരിച്ച സിദ്ധാർഥന്റെ മാതാവ് എന്നിവരോടു അഭിപ്രായങ്ങൾ ആദ്യം വർക്കിങ് ഗ്രൂപ്പിനെ അറിയിക്കാൻ നിർദേശിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും കോടതി കക്ഷി ചേർത്തു.


Source link

Related Articles

Back to top button