മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തിയ ഫോൺ ചർച്ച പേരിനുമാത്രം ഫലപ്രദം. യുക്രെയ്നും യുഎസും സൗദിയിൽ സമ്മതിച്ച ഒരുമാസം നീളുന്ന വെടിനിർത്തൽ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയ്ന്റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവയ്ക്കാം എന്നു മാത്രമാണ് പുടിൻ സമ്മതിച്ചത്. പാശ്ചാത്യശക്തികൾ യുക്രെയ്ന് ആയുധ സഹായവും ഇന്റലിജൻസ് വിവരങ്ങളും നല്കുന്നത് നിർത്തിവയ്ക്കാതെ വെടിനിർത്തൽ യാഥാർഥ്യമാകില്ലെന്ന് ട്രംപിനോട് പുടിൻ പറഞ്ഞു. സമാധാന ചർച്ചകൾ തുടരാൻ ഇരുവരും സമ്മതിച്ചു. സൗദിയിൽ ഞായറാഴ്ച ചർച്ചകൾ തുടരുമെന്ന് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. ഊർജ സംവിധാനങ്ങളെ ആക്രമിക്കുന്നത് നിർത്താനുള്ള പുടിന്റെ നിർദേശത്തിൽ ചർച്ചയ്ക്കു തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രതികരിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുടിനുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. സമാധാന കരാറിലെ ഘടകങ്ങൾ പുടിനുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിനെ ഒരു മണിക്കൂർ കാത്തിരുത്തി പുടിൻ ട്രംപുമായുള്ള ഫോൺ ചർച്ചയ്ക്ക് പുടിനെത്തിയത് ഒരു മണിക്കൂർ വൈകി. മോസ്കോ സമയം ചൊവ്വാഴ്ച വൈകിട്ട് നാലിന് ചർച്ച ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പുടിൻ ഈ സമയം മോസ്കോയിലെ ഇന്റർനാഷണൽ മ്യൂസിക് ഹാളിൽ ബിസിനസ് പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ബിസിനസുകാരനുമായ അലക്സാണ്ടർ ഷോഗിൻ, ട്രംപുമായുള്ള ചർച്ചയ്ക്കു സമയമായില്ലേ എന്ന് പുടിനോട് ചോദിച്ചെങ്കിലും അദ്ദേഹം തിടുക്കം കാട്ടിയില്ല. അഞ്ചു മണിയോടെയാണ് പുടിൻ വേദി വിട്ടത്.
Source link