കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി മാർച്ച് 22നകം ഹൈക്കോടതിയിൽ

കൊച്ചി ∙ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി മാർച്ച് 22നകം നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പ്രോസിക്യൂഷൻ അനുമതിയുടെ കരട് തയാറാണെന്നും 22ന് ഇത് നല്‍കാമെന്നും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഇന്ന് ഓൺലൈൻ മുഖേനെ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഈ മാസം 28നകം പ്രോസിക്യൂഷൻ അനുമതി സിബിഐക്ക് കൈമാറാൻ നിർദേശം നൽകി. കേസ് 28ന് വീണ്ടും പരിഗണിക്കും.സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ സിബിഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാൽ സിബിഐ രേഖകൾ കൈമാറാത്തതു കൊണ്ടാണു നടപടി വൈകുന്നതെന്നു കാണിച്ച് വ്യവസായ വകുപ്പ് ഉപഹർജി നൽകി. എന്നാൽ വിചാരണയ്ക്കായി സിബിഐ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടും നടപടി ഉണ്ടായില്ല എന്നു കാട്ടി ഹർജിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ ജനുവരി 27നു കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ടും വിചാരണയ്ക്കുള്ള അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചതോടെ മുഹമ്മദ് ഹനീഷിനോട് നേരിട്ടു ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് ഹാജരായത്.തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരൻ, കെ.എ.രതീഷ് എന്നിവർ നല്‍കിയ ഹർജി നേരത്തേ ഹൈക്കോടതി തള്ളുകയും ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ സർക്കാരിന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശം നൽകുകയും ചെയ്തിരുന്നു. 2005 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന രതീഷ്, 2012 മുതൽ 2015 ചെയർമാനുമായിരുന്ന ചന്ദ്രശേഖരൻ, 2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപന നടത്തിപ്പുകാരനായ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു കേസിലെ 1 മുതൽ നാലു വരെ പ്രതികൾ. സിബിഐ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപു കാസിം അന്തരിച്ചതിനാൽ രണ്ടാം പ്രതിയായിരുന്ന അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം പ്രതി രതീഷ്, മൂന്നാം പ്രതി ചന്ദ്രശഖരൻ എന്നിവര്‍ നാലാം പ്രതിയായ ജയ്മോനുമായി ഗൂഢാലോചന നടത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്യുകയും അതുവഴി കോർപറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
Source link