പതിമൂന്നുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ, പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി

കോഴിക്കോട്: താമരശേരിയിൽ പതിമൂന്നുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയേയും യുവാവിനെയും ഇന്നലെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
13കാരിയെ കർണാടക പൊലീസാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശേരി പൊലീസ് ബംഗളുരുവിലെത്തി, ഇന്നലെ രാത്രിയോടെ പെൺകുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നും യുവാവിന്റെയും പെൺകുട്ടിയുടെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബംഗളൂരുവിൽ വച്ച് കർണാടക പൊലീസ് ഇവരെ കണ്ടെത്തിയത്.
പോക്‌സോ കേസ് പ്രതിയായ ബന്ധു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ മുമ്പ് ആരോപിച്ചിരുന്നു. ഇതേ പെൺകുട്ടിയെ തന്നെയായിരുന്നു അന്നും പ്രതി തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തുടർന്ന് പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു. രണ്ട് മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതിയെ ഉടൻ താമരശേരി കോടതിയിൽ ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ പെൺകുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Source link