KERALAM

‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’,​ ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ

മലപ്പുറം: ആശ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. അഞ്ഞൂറ് ആളുകളെ എവിടെനിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് സമരത്തെക്കുറിച്ച് എ വിജയരാഘവൻ പറഞ്ഞു. എടപ്പാൾ കാലടിയിലെ ടി പി കുട്ടേട്ടൻ അനുസ്‌മരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരല്ല,​ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് എതിരെയാണെന്നും ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും എ വിജയരാഘവൻ ആരോപിച്ചു. സമരം നടത്തുന്നവർ ഉടൻ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാൽ അംഗനവാടിയിൽ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാൻ ആണിതെന്നും എ വിജയരാഘവൻ പറ‍ഞ്ഞു.

അതേസമയം സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന്‌ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നാളെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയ്‌ക്ക് പോകും. നാളെ രാവിലെ ഡൽഹിയിലെത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് ആശമാർ ഉന്നയിച്ച പ്രശ്നങ്ങൾ ധരിപ്പിക്കും.


Source link

Related Articles

Back to top button