കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ, ശരീരത്തിൽ 11 തവണ കുത്തേറ്റു; ഷിബിലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയുടെ കൊലപാതകത്തിൽ ഭർത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് അബ്ദുറഹ്മാനാണെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. ഭാര്യാ പിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയിൽ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാൻ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
നാലര വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ചാണ് പ്രതിയും ഷിബിലയും വിവാഹിതരായത്. തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായതിനാൽ വീട്ടുകാരോട് ഭർത്താവിനെപ്പറ്റി മോശം പറയാൻ ഷിബിലയ്ക്ക് തോന്നിയില്ല. സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ആഷിഖ് എന്നയാൾ യാസിറിന്റെ സുഹൃത്താണെന്ന് ഷിബില അറിഞ്ഞിരുന്നു.
ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.ഇതോടെയാണ് ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചത്. മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയിട്ടും ഇയാളുടെ ശല്യം തുടർന്നു.
ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാൾ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി. മൂന്ന് വയസുകാരിയായ മകളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. യാസിറിന്റെ ആക്രമണത്തിൽ അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും പരിക്കേറ്റിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അബ്‌ദുറഹ്മാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അയൽവാസി നാസറിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
Source link