സിനിമകളിലെ ലഹരി ഉള്ളടക്കം: തടയാൻ സർക്കാരിന് പരിമിതികളുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാൻ സർക്കാരിന് പരിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തിൽ കേന്ദ്ര ഫിലിം സെൻസർ ബോർഡാണ് ഇടപെടേണ്ടതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്തരം കാര്യങ്ങൾ സർക്കാർ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് സിനിമാ രംഗത്ത് നിന്നുള്ളവരുമായി യോഗം ചേർന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്തുള്ളവരുമായി യോഗം ചേർന്നിരുന്നു. ഒരു കാരണവശാലും ഇത്തരത്തിലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അത് തത്വത്തിൽ അവർ അംഗീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് വാർത്താ വിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സിനിമയിലെ അക്രമരംഗങ്ങൾ മഹത്വവത്കരിക്കപ്പെടുന്നത് സമൂഹത്തെ സ്വാധീനിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ സർക്കാരിന്റെ ഇടപെടൽ എത്രത്തോളം പ്രതീക്ഷിക്കാനാകുമെന്നും ആരാഞ്ഞിരുന്നു. സിനിമയിലെ വയലൻസ് രംഗങ്ങൾ ഒഴിവാക്കാൻ സർക്കാരിന്റെ പുതിയ സിനിമാ നയത്തിൽ വ്യവസ്ഥകളുണ്ടാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു പരാമർശം.
കൗമാരക്കാർക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചുവെന്നും കൊലപാതകങ്ങൾ പോലും സംഭവിക്കുന്നുവെന്നും വനിതാ കമ്മിഷൻ പറഞ്ഞു. സിനിമയിലെ നായക കഥാപാത്രങ്ങൾ വരെ വയലൻസിനെ മഹത്വവത്കരിക്കുന്നത് ഇതിനൊരു കാരണമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സിനിമയിൽ കാണിക്കുന്നത് സമൂഹത്തിൽ സംഭവിക്കുന്നതിന്റെ പ്രതിഫലനമാണെന്ന വാദങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.
Source link