ഭർത്താവിന്റെ പിണക്കം മാറ്റാൻ പൂജ, ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി: ഒരു യുവതികൂടി അറസ്‌റ്റിൽ


കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് (23) ഞായറാഴ്‌ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അപർണയ്ക്കു പണം അത്യാവശ്യമുണ്ടെന്നു ജിതിനോടു പറഞ്ഞിരുന്നു. ജിതിൻ നിർദേശിച്ച പ്രകാരം ഹണിട്രാപ്പിൽ വീഴ്ത്തി കവർച്ച ചെയ്യാനാണെന്ന് അറിഞ്ഞാണ് അപർണ നാട്ടിലെത്തിയത്. തന്റെ മൊബൈൽ ഫോണിലാണു നഗ്നചിത്രങ്ങൾ പകർത്തിയതെന്നു കൊഴിഞ്ഞാമ്പാറ പൊലീസിനു അപർണ മൊഴിനൽകി.മൊബൈലിൽനിന്നു ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഫൊറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാണു ശ്രമം. കൊച്ചി ഡപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണർ അശ്വതി ജിജിയുടെ സഹായത്തോടെ അപർണയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹണി ട്രാപ് കവർച്ചയിൽ കഴിഞ്ഞദിവസം മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.


Source link

Exit mobile version