കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം: ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് തേടി

കൊച്ചി: കൊല്ലം കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരായ ഹർജിയിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. ഇതുസംബന്ധിച്ച് കടയ്‌ക്കൽ ക്ഷേത്രോപദേശക സമിതിക്കെതിരെ ദേവസ്വം വിജിലൻസ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം സമർപ്പിക്കണം. ഉത്സവവേദികൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ദേവസ്വം സ്പെഷ്യൽ സെക്രട്ടറിയെ ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. പരിപാടിയുടെ വീഡിയോ തുറന്ന കോടതിയിൽ പരിശോധിച്ചു.
കടയ്ക്കൽ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ 10ന് അലോഷി അവതരിപ്പിച്ച ഗാനമേളയ്‌ക്കിടെയാണ് വിപ്ലവഗാനം പാടിയത്. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐയുടെ പതാകയും പ്രദർശിപ്പിച്ചിരുന്നു. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് കോടതിയെ സമീപിച്ചത്. സ്ഥിരമായി ആരാധന നടത്തുന്നവരാണ് ക്ഷേത്രോപദേശക സമിതിയിൽ ഉണ്ടാകേണ്ടത്. രാഷ്ട്രീയക്കാരെ അനുവദിക്കാനാകില്ല. അവരുടെ പ്രചാരണങ്ങളും പാടില്ല. ആചാരപരവും സാംസ്കാരികവുമായ പരിപാടികളാണ് നടക്കേണ്ടത്. ഭക്തിഗാനങ്ങൾക്ക് പകരം സിനിമാപ്പാട്ട് പാടാനാണോ ഉത്സവ വേദികളെന്നും കോടതി ചോദിച്ചു.
സംഭാവന
ധൂർത്തടിക്കരുത്
വിശ്വാസികളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം പ്രതിഷ്ഠയുടെ ഗുണത്തിനായി വിനിയോഗിക്കാതെ ധൂർത്തടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ പിരിക്കുന്ന പണത്തിന് ദേവസ്വം അസി. കമ്മിഷണറുടെ മുദ്രയുള്ള രസീത് നൽകണമെന്ന് ഉത്തരവുള്ളതാണ്. ശേഖരിക്കുന്ന ഫണ്ട് ദേവസ്വത്തിലേക്ക് കൈമാറിയ ശേഷം പേയ്മെന്റ് ചെക്കുകൾ വഴി വേണം വിനിയോഗിക്കാനെന്നും ഇതിന് കൃത്യമായ ഓഡിറ്റ് വേണമെന്നും കോടതി നിർദ്ദേശിച്ചു.
Source link