HEALTH

മുഖം നിറയെ രോമങ്ങൾ, രൂപം കണ്ട് ഭയം: വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോമുമായി യുവാവ്, ഒടുവിൽ ഗിന്നസ് റെക്കോർഡ്


മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല്‍ നിറയുന്ന അപൂര്‍വ രോഗാവസ്ഥയാണ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌. ഈ രോഗം വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. ഈ രോഗാവസ്ഥയുമായി ഗിന്നസ്‌ ലോക റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്‌ മധ്യപ്രദേശിലെ 18കാരന്‍ ലളിത്‌ പട്ടീദാര്‍. മുഖത്ത്‌ ഏറ്റവുമധികം രോമങ്ങളുള്ള പുരുഷന്‍ എന്ന ഗിന്നസ്‌ റെക്കോര്‍ഡാണ്‌ ലളിത്‌ സ്വന്തമാക്കിയത്‌. അടുത്തിടെ ഇറ്റലിയിലെ മിലാനില്‍ തന്റെ മുഖരോമങ്ങളുമായി ഒരു ടെലിവിഷന്‍ പരിപാടിയില്‍ ലളിത്‌ പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ്‌ ഗിന്നസ്‌ റെക്കോര്‍ഡിന്‌ വേണ്ടിയുള്ള പരിശോധനകള്‍ നടന്നത്‌. ഈ രോഗാവസ്ഥയുമായി ജീവിക്കുന്നത്‌ അത്രയെളുപ്പമെല്ലുന്നും ആളുകള്‍ തന്നെ കാണുമ്പോള്‍ ആദ്യം ഭയപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ലളിത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  ജന്മനാലുള്ള കണ്‍ജനിറ്റല്‍ ഹെപ്പര്‍ട്രിക്കോസിസ്‌, ജീവിത്തില്‍ പിന്നീട്‌ ഉണ്ടാകുന്ന അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌ എന്നിങ്ങനെ ഈ രോഗം രണ്ട്‌ തരത്തിലുണ്ട്‌. ജനിതകമായി കൈമാറി കിട്ടുന്നതാണ്‌ കണ്‍ജനിറ്റല്‍ ഹൈപ്പര്‍ട്രിക്കോസിസ്‌. നമ്മുടെ പൂര്‍വീകരായ മനുഷ്യരില്‍ ശരീരം നിറയെ രോമങ്ങളുണ്ടാകാന്‍ കാരണമായ ചില ജീനുകളാകാം ഇതിന്‌ പിന്നിലെന്ന്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഈ പ്രാചീന ജനറ്റിക്‌ മാര്‍ക്കറുകള്‍ ചിലരില്‍ വീണ്ടും ഉദ്ദീപിപ്പിക്കപ്പെടുന്നതാകാം വേര്‍വൂള്‍ഫ്‌ സിന്‍ഡ്രോമിലേക്ക്‌ നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ എന്താണ്‌ ഈ ഉദ്ദീപനത്തിന്‌ കാരണമാകുന്നതെന്നത്‌ ശാസ്‌ത്രലോകത്തിന്‌ ഇന്നും അറിയില്ല.അതേ സമയം ജീവിതത്തില്‍ പിന്നീട്‌ ഉണ്ടാകുന്ന അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസ്‌ ആന്തരികവും ബാഹ്യവുമായ കാരണങ്ങളാല്‍ ഉണ്ടാകാം. പോഷണക്കുറവ്‌, അനോറെക്‌സിയ നെര്‍വോസ പോലുള്ള ഈറ്റിങ്‌ ഡിസോര്‍ഡറുകള്‍, ചിലതരം മരുന്നുകള്‍ ഉപയോഗിക്കുമ്പോഴുള്ള പാര്‍ശ്വഫലം, അര്‍ബുദം, ജനിതകപരിവര്‍ത്തനങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, ത്വക്കിനെ ബാധിക്കുന്ന ചിലതരം അണുബാധകള്‍, ചര്‍മ്മത്തെ അള്‍ട്രാവയലറ്റ്‌ രശ്‌മികളോട്‌ സംവേദനമുള്ളതാക്കുന്ന പോര്‍ഫിറിയ ക്യൂട്ടേന ടാര്‍ഡ എന്നിവയെല്ലാം അക്വയേര്‍ഡ്‌ ഹൈപ്പര്‍ട്രിക്കോസിസിന്‌ കാരണമാകാം. രോമങ്ങള്‍ വടിച്ച്‌ കളയല്‍, ലേസര്‍ ഹെയര്‍ റിമൂവല്‍, അമിതമായ രോമവളര്‍ച്ചയെ തടയുന്ന മരുന്നുകള്‍ എന്നിവ ഉപയോഗിച്ചാണ്‌ ഈ രോഗത്തെ ചികിത്സിക്കാറുള്ളത്‌. ഈ രോഗത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ മനുഷ്യന്റെ ജനിതക പരിണാമങ്ങളിലേക്ക്‌ വെളിച്ചം വീശുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.


Source link

Related Articles

Back to top button