KERALAMLATEST NEWS

കളക്ടറേറ്റിൽ ബോംബ് പരിശോധനയ്‌ക്കിടെ തേനീച്ചക്കൂടിളകി,​ 150 പേരെ കുത്തി,​ കളക്ടർക്കും സബ് കളക്ടർക്കും കുത്തേറ്റു

തിരുവനന്തപുരം: കളക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്നുള്ള പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂടിളകി. ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയവരും മാദ്ധ്യമപ്രവർത്തകരും ജീവനുംകൊണ്ടോടി. തിരുവനന്തപുരം ജില്ല കളക്ടർ അനുകുമാരി, സബ് കളക്ടർ ഒ.വി. ആൽഫ്രഡ്, ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരടക്കം നൂറ്റമ്പതോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. രാവിലെ പത്തനംതിട്ടയിലും വൈകിട്ട് കൊല്ലത്തും കളക്ടർമാ‌‌ർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ബി.പി. ദീപു (45 ), ലാൻഡ് അക്വിസിഷൻ ഓഫീസ് അസിസ്റ്റന്റ് സജികുമാർ (52 ), കളക്ടറേറ്റിലെ ജീവനക്കാരി വിചിത്ര (35 ), ഡ്രൈവർ പ്രിയദർശൻ (31), റവന്യു ജീവനക്കാരായ ഷീബ (38 ), ജയരാജ് (42 ),സാന്ദ്ര (26 ) എന്നിവരാണ് ചികിത്സയിലുള്ളത്. 79 പേരെ പേരൂർക്കട ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കേരളകൗമുദി ഫോട്ടോഗ്രാഫർ നിശാന്ത് ആലുകാട്, ഫയർഫോഴ്‌സ് ജീവനക്കാരായ പ്രശോഭ്, സുജീഷ്, പൊലീസ് സബ്ഇൻസ്പെക്ടർ മനോജ്, എ.എസ്.ഐ സന്ധ്യ , സി.പി.ഒ മാരായ ശ്യാം, അഭിനന്ദ്, വിപിൻ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റു.

കളക്ടറേറ്റിന്റെ പ്രവേശനകവാടം വരെ തേനീച്ചയുടെ ആക്രമണം ഉണ്ടായി. സ്ത്രീകൾ ഷാളും സാരിയും ഉപയോഗിച്ചും മറ്റുള്ളവർ കുടയും ഹെൽമെറ്റും ഉപയോഗിച്ചും മുഖം മറയ്‌ക്കാൻ ശ്രമിച്ചെങ്കിലും തേനീച്ച പറന്നുകുത്തി. പരിക്കേറ്റവരെ കളക്ടറേറ്റിലെ വാഹനങ്ങളിലും കെ.എസ്.ആർ.ടി.സി ബസിലുമായാണ് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി കുത്തേറ്റവരെ പിന്നീട് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം ഇങ്ങനെ

കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പന്ത്രണ്ടരയോടെ ജില്ല കളക്ടറുടെ ഔദ്യോഗിക ഇ മെയിലിൽ ഭീഷണി സന്ദേശം എത്തി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരം എന്ന നിലയിലായിരുന്നു അത്. കളക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘം കളക്ടറേറ്റിൽ എത്തി. ജീവനക്കാരെ മുഴുവൻ ഓഫീസിൽനിന്ന് ഒഴിപ്പിച്ചു. പരിശോധന തുടരുന്നതിനിടെ കളക്ടറേറ്റ് കെട്ടിടത്തിൽ ഉണ്ടായിരുന്ന വലിയ തേനീച്ചക്കൂട് ഇളകി. ഓഫീസ് മുറ്റത്ത് നിൽക്കുകയായിരുന്ന ജീവനക്കാ‌ർ പരിഭ്രാന്തരായി ഓടി. ഇതിനിടെ പുറത്തേക്കിറങ്ങിയ കളക്ടർക്ക് കാർപോർച്ചിനു സമീപം വച്ചാണ് കൈയിൽ കുത്തേറ്റത്. ഡഫേദാർ ഓടി രക്ഷപ്പെട്ടു. സബ് കളക്ടർ ആൽഫ്രഡ് ഒ.വിക്കും കുത്തേറ്റു. കാറിൽകയറി രക്ഷപ്പെട്ട കളക്ടർ പിന്നീട് പേരൂർക്കട ജില്ല ആശുപത്രിയിൽ എത്തി തേനീച്ചയുടെ കുത്തേറ്റവരെ സന്ദർശിച്ചു.

” തേനീച്ചക്കൂടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ എടുക്കും. ബോംബ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

അനുകുമാരി, ജില്ല കളക്ടർ

-.


Source link

Related Articles

Back to top button