LATEST NEWS

അന്ന് വസു ആഗ്രഹിച്ചതും സ്നേഹം, കണ്ണൂരിൽ തനിയാവർത്തനം; ‘മറക്കില്ല പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അമ്മമാരുടെ വിളികൾ’


കോട്ടയം ∙ നാലു മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊന്ന വാർത്ത കണ്ണൂരിൽ നിന്നും കേൾക്കുമ്പോൾ മലയാളി ഓർക്കുന്നത് 22 വർഷം മുൻപ് റിലീസ് ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയാണ്. വാർത്ത കേട്ട് ഞെട്ടിയെന്ന് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ മനോരമ ഓൺലൈനോട് പറഞ്ഞു. സിനിമ പുറത്തിറങ്ങി ഇത്ര വർഷമായിട്ടും സമൂഹം ഇക്കാര്യം വേണ്ടവിധം മനസിലാക്കാത്തതിൽ വിഷമമുണ്ടെന്നും സിബി മലയിൽ പറഞ്ഞു.ജയറാമും കാളിദാസ് ജയറാമും ജ്യോതിർമയിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ പറഞ്ഞതും സമാന കഥയാണ്. ഇളയ കുട്ടി ജനിക്കുമ്പോൾ തന്നോടുള്ള സ്നേഹവും ലാളനയും കുറയുന്നുവെന്ന് മൂത്ത കുട്ടി ചിന്തിക്കുകയും അത് പിന്നീട് ഇളയ കുഞ്ഞിനോടുള്ള വൈരാഗ്യമായി മാറുകയും അവനെ കൊല്ലുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ബോബി സഞ്ജയ് ആയിരുന്നു. തമിഴിൽ കണ്ണാടി പൂക്കൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. ‘‘ബോബിയും സഞ്ജയുമാണ് എന്റെ വീട് അപ്പൂന്റേം സിനിമയുടെ തിരക്കഥയുമായി എന്റെയടുത്തേക്ക് വന്നത്. പല കുടുംബങ്ങളിലും ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ഇളയ കുട്ടി ഉണ്ടാകുമ്പോൾ മൂത്ത കുട്ടിയിൽ ശ്രദ്ധ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പല കുടുംബങ്ങളിലുമുണ്ട്. പലരും തിരിച്ചറിയാൻ താമസിച്ചു പോകാറുണ്ട്. എന്റെ വീട് അപ്പൂന്റേം സിനിമ തിയറ്ററുകളിൽ വന്ന ശേഷം മാതാപിതാക്കൾ പലരും എന്നെ ഫോൺ വിളിക്കാൻ തുടങ്ങി. കൂടുതലും അമ്മമാരാണ് വിളിച്ചത്. അവർക്കൊരു തിരിച്ചറിവായിരുന്നു ഈ സിനിമ. എന്തുകൊണ്ടാണ് എന്റെ മൂത്തകുട്ടി റിബലായി പെരുമാറുന്നത്, ഇളയ കുട്ടിയെ ഉപദ്രവിക്കുന്നത് എന്നൊക്കെ ഇപ്പോഴാണ് മനസിലാകുന്നത് എന്നാണ് അവരൊക്കെ പറഞ്ഞത്. ഇളയ കുട്ടിയെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയെ ഇവരിൽ പലരും ശിക്ഷിക്കുമായിരുന്നു. എന്നാൽ‌ അതിനുപിന്നിലെ കാരണം എന്തെന്ന് മനസിലായിരുന്നില്ലെന്നും അവർ പറഞ്ഞു. മൂത്തയാളെ അടിച്ചതൊക്കെ തെറ്റായിപോയെന്നും അവരിൽ പലരും കരഞ്ഞുകൊണ്ട് പറഞ്ഞു. എല്ലാ കുടുംബങ്ങളിലും നടക്കാവുന്ന ഒരു കാര്യമാണ് ഇത്’’ –സിബി മലയിൽ പറഞ്ഞു.


Source link

Related Articles

Back to top button