വിറ്റത് 600 ടൺ പച്ചക്കറി ശിവദാസൻ കോടിപതി ഒരു കൊല്ലത്തിനിടെ വരുമാനം 1.15 കോടി

പാലക്കാട്: ഒരു കൊല്ലത്തിനിടെ ഉത്പാദിപ്പിച്ചത് 600 ടൺ പച്ചക്കറി. നൽകിയത് വി.എഫ്.പി.സി.കെയുടെ എലവഞ്ചേരി സ്വാശ്രയ കർഷകസമിതിക്ക്. ലഭിച്ച വരുമാനം 1.15 കോടി. ‘കർഷക കോടിപതി’യായി എലവഞ്ചേരി പനങ്ങാട്ടിരി സ്വദേശി ശിവദാസൻ. പത്താംക്ലാസ് പഠനശേഷം തൂമ്പയെടുത്ത് മണ്ണിലിറങ്ങി കഠിനാദ്ധ്വാനം നടത്തിയതിന്റെ ഫലം.
വി.എഫ്.പി.സി.കെയുടെ 24 വർഷത്തെ ചരിത്രത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകന് ഉത്പന്നവിലയായി ഇത്രയുംവലിയ തുക ഒരു സാമ്പത്തികവർഷം കൈമാറുന്നത്.
സ്വന്തമായുള്ള എട്ടേക്കറിലും പാട്ടത്തിനെടുത്ത 10 ഏക്കറിലുമാണ് ശിവദാസന്റെ കൃഷി. 12 ഏക്കറിൽ പാവയ്ക്ക, അഞ്ചേക്കറിൽ പടവലം, ഒരേക്കറിൽ പയർ, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്പളം, മത്തൻ.
ഹൈബ്രിഡ് വിത്തുകൾക്കാണ് കൃഷിയിൽ പ്രധാന പരിഗണന. നാടൻ ഇനങ്ങളിൽ മികച്ച വിളവുള്ളത് തിരഞ്ഞെടുക്കും. ഒരു കിലോ സങ്കരയിനം പാവൽ വിത്തിന് 2,500 രൂപ. ഹൈബ്രിഡിന് 16,000 രൂപ. പടവലത്തിനും അങ്ങനെതന്നെ. പ്രീതി എന്ന ഇനം പാവയ്ക്കക്ക് കിട്ടുന്ന വില കിലോയ്ക്ക് ശരാശരി 40 രൂപ. മായ എന്ന ഇനത്തിന് 30-32 രൂപ. പടവലത്തിന്റെ വില മിക്കപ്പോഴും കിലോയ്ക്ക് 15-20 രൂപ.
രണ്ട് സീസൺ കൃഷി
ചെലവ് മൂന്നു ലക്ഷം
രണ്ട് സീസണുകളായാണ് കൃഷി. ഏപ്രിൽ ആദ്യം പാവലും പടവലവും അവസാനം പറയും വിത്തിറക്കും. സെപ്തംബറിൽ രണ്ടാം സീസണിൽ പടവലവും പയറും. കോൺക്രീറ്റ് കാലുകളിൽ ജി.ഐ കമ്പി വലിച്ചു തയ്യാറാക്കിയ സ്ഥിരം പന്തലിലാണ് കൃഷി. ആദ്യ സീസണിൽ ഏക്കറിന് ശരാശരി 2.5 ലക്ഷം രൂപ ചെലവാകും. രണ്ടാം സീസണിൽ അതേ തടത്തിൽത്തന്നെ കൃഷി ചെയ്യുന്നതിനാൽ ചെലവ് കുറയും. രണ്ട് സീസണിലുമായി ശരാശരി ചെലവ് മൂന്നു ലക്ഷം രൂപ.
കൃഷി, വരുമാനം
(വിള, ഉത്പാദനം (കിലോയിൽ),
ലഭിച്ച തുക ക്രമത്തിൽ)
പാവയ്ക്ക………………………….218237, 7698836
പടവലം…………………………87887, 1479282
പയർ……………………………13270, 529339
കുമ്പളം………………………..9903, 118716
മത്തൻ…………………………13011, 148060
പീച്ചിങ്ങ………………………..2432, 67218
വെണ്ടയ്ക്ക……………………….5, 125
തേങ്ങ…………………………..835, 23885
(ഡിസംബർ വരെയുള്ള കണക്ക്)
Source link