INDIA

കിട്ടാക്കടം: കുറയ്ക്കാൻ ബാങ്കുകൾ; എഴുതിത്തള്ളി 7.28 ലക്ഷം കോടി


ന്യൂഡൽഹി∙  രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 6 വർഷത്തിനിടെ എഴുതിത്തള്ളിയത് 7,28,899 കോടി രൂപയുടെ കടം. 2019–20 മുതൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കാണിതെന്ന് ആർ.ഗിരിരാജനു രാജ്യസഭയിൽ കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകി. അതേസമയം, എഴുതിത്തള്ളിയ കടത്തിൽ 2.27 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചതായി തൃണമൂൽ കോൺഗ്രസ് അംഗം ഋതബ്രത ബാനർജിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. സ്വകാര്യ ബാങ്കുകൾ 55,598 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. കടം എഴുതിത്തള്ളുന്നതു സാങ്കേതിക നടപടി മാത്രമാണെന്നും വായ്പയെടുത്തയാളെ ബാധ്യതയിൽ നിന്നൊഴിവാക്കുന്നില്ലെന്നും നിയമനടപടികൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു.2024 മാർച്ചിൽ, പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 3,39,541 കോടി രൂപയാണ്. 2020 മാർച്ചിൽ ഇത് 6,78,317 കോടിയായിരുന്നു. ബോധപൂർവം 5 കോടി രൂപയോ അതിലധികമോ കടം വരുത്തിയവരുടെ എണ്ണം 2020 മാർച്ചിൽ 193 ആയിരുന്നത്, 2024 മാർച്ചിൽ 47 ആയി കുറ‍ഞ്ഞു. അതേസമയം, പൊതുമേഖലാ ബാങ്കുകളിൽനിന്ന് ഏറ്റവുമധികം വായ്പയെടുത്ത് മനഃപൂർവം തിരിച്ചടക്കാത്ത 20 പേരുടെ വിവരം നൽകണമെന്ന ഋതബ്രത ബാനർജിയുടെ ചോദ്യത്തോടു ധനമന്ത്രി പ്രതികരിച്ചില്ല.സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും.നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കടത്തിൽ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.


Source link

Related Articles

Back to top button