LATEST NEWS

‘സാധനം സെയ്ഫ്’ അല്ലേ?, ഓരോ പാക്കറ്റിനു 6000 രൂപ വരെ ലാഭം; വിറ്റത് ചെലവുകൾക്ക് പണം കണ്ടെത്താനെന്ന് വിദ്യാർഥികൾ


കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ കേന്ദ്രമാക്കി ലഹരി വിൽപന നടത്തിയതിന് അറസ്റ്റിലായ വിദ്യാർഥികൾ ഓരോ പാക്കറ്റിനും നേടിയ ലാഭം 6000 രൂപ വരെ. ഇത്തരത്തിൽ 4 പാക്കറ്റ് എങ്കിലും റെയ്ഡ് നടന്നതിനു ദിവസങ്ങൾക്ക് മുൻപ് മെൻസ് ഹോസ്റ്റലായ ‘പെരിയാറി’ൽ‍ എത്തിച്ചിരുന്നതായാണ് വിൽപന നടത്തിയതിന് അറസ്റ്റിലായ ആലുവ സ്വദേശികൾ ആഷിഖും ശാലിക്കും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് 1.909 കിലോഗ്രാം കഞ്ചാവ് മാത്രമാണ്. ഹോസ്റ്റലിലെത്തിയ ബാക്കി കഞ്ചാവ് വിദ്യാർഥികൾ‍ ഉപയോഗിച്ചോ അതോ മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്ന അന്വേഷണം തുടരുകയാണ്. റെയ്‍ഡ് നടക്കുമ്പോൾ പ്രതി എം. ആകാശിന്റെ ഫോണിലേക്ക് ‘സാധനം സെയ്ഫ്’ അല്ലേ എന്നു ചോദിച്ച് മെസേജ് അയച്ച കോട്ടയം സ്വദേശിയായ വിദ്യാർഥിയേയും പൊലീസ് ചോദ്യം ചെയ്തു. വലിയ ലാഭമുണ്ടാക്കാനല്ല, തങ്ങളുടെ ചെലവുകൾക്ക് പണം കണ്ടെത്തുകയാണ് ലഹരി വിൽപനയിലൂടെ ചെയ്തത് എന്നാണ് കോളജിലെ പൂർവവിദ്യാർഥികൾ കൂടിയായ ആഷിഖും ഷാലിക്കും നൽകിയിരിക്കുന്ന മൊഴി. ഇതര സംസ്ഥാനക്കാരനിൽ നിന്നാണ് കഞ്ചാവ് ശേഖരിച്ചിരുന്നത്. ഒഡീഷയിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന കഞ്ചാവാണ് ഇത്തരത്തിൽ ഇടനിലക്കാർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും എത്തുന്നത്. ഇതര സംസ്ഥാനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. 


Source link

Related Articles

Back to top button