വേനലില്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഭ്യത കുറഞ്ഞാല്‍ അടുക്കളയെ ബാധിക്കും

ചെങ്ങന്നൂര്‍: വേനല്‍ കഠിനമായതോടെ ജില്ലയില്‍ പച്ചപ്പുല്‍ക്ഷാമവും രൂക്ഷമായി. കാലിത്തീറ്റ വിലവര്‍ദ്ധനവും പാലിന്റെ അളവ് കുറഞ്ഞതും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കാതയതോടെ വൈക്കോല്‍ കൊടുത്താണ് പല ക്ഷീരകര്‍ഷകരും പശുക്കളുടെ ജീവന്‍ നിലനിറുത്തുന്നത്. എന്നാല്‍ വൈക്കോല്‍ കൊടുക്കുന്നത് ലഭ്യമാകുന്ന പാലിന്റെ അളവില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കന്നുകാലികള്‍ വൈക്കോല്‍ തിന്നാനും മടിക്കുന്നുണ്ട്.
ചൂട് കൂടിനില്‍ക്കുന്നതിനാല്‍ കന്നുകാലികളെ തൊഴുത്തിനു പുറത്തെത്തിച്ച് മേയ്ക്കാനും കഴിയില്ല. മഴക്കാലമായാല്‍ മാത്രമാണ് ഇനി ആവശ്യത്തിന് പച്ചപ്പുല്ല് ലഭിക്കുക. കാലിത്തീറ്റയ്ക്ക് ആവശ്യമായ ചോളം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് വില ഉയരാന്‍ കാരണമായത്. ചുട്ടു പൊള്ളുന്ന ചൂടില്‍ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയ നിലയിലാണ്. പാടശേഖരങ്ങളില്‍ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളര്‍ത്തുന്ന ചെറുകിട കര്‍ഷകരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കാലംതെറ്റിയെത്തിയ മഴയെ തുടര്‍ന്ന് പുഞ്ച സീസണില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വൈക്കോല്‍ ശേഖരിക്കാനായില്ല. കച്ചി വാങ്ങാന്‍ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഇരുട്ടടിയായി കാലിത്തീറ്റ വില വര്‍ദ്ധനവ്
കാലിത്തീറ്റ വില വര്‍ദ്ധനവും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുകയാണ്. ഒരു ചാക്ക് മില്‍മ കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി കഴിച്ച് 1440 രൂപയാണ് വില. കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 1440 രൂപയാണ്. ഡീലക്സ് പ്ലസ് കെസ് ന് 1360/ രൂപയാണ് വില. മറ്റു സ്വകാര്യകമ്പനികളുടെ കാലിത്തീറ്റകള്‍ക്ക് ഇതിലും കൂടുതലാണ്. ഇത്തരം കാലിത്തീറ്റകള്‍ ഉപയോഗിക്കുന്നവരാണ് കര്‍ഷകരില്‍ അധികവും. പച്ചച്ചോളത്തിന്റെ തണ്ടിനു മില്‍മ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 1.70 രൂപ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും ഉല്‍പന്നം കിട്ടാനില്ല.
എല്ലാ കാലിത്തീറ്റകള്‍ക്കും സബ്സിഡി നല്‍കണമെന്നും ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നതാണ്. കൈതപ്പോള മുന്‍പ് കൃഷിയിടങ്ങളില്‍ നിന്ന് സൗജന്യമായാണ് ശേഖരിച്ചിരുന്നത്. എന്നാല്‍ ഡിമാന്‍ഡേറിയതോടെ അഞ്ചുരൂപ നിരക്കിലാണ് കൈതപ്പോള കര്‍ഷകന് ലഭിക്കുന്നത്. ഇവ അരിഞ്ഞാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. കൈത കൃഷിയിടങ്ങളില്‍ വാഹനങ്ങളിലും മറ്റും പോയാണ് കര്‍ഷകന്‍ ഇവ ശേഖരിക്കുന്നത്.
കഠിനമായ ചൂട് തീറ്റപ്പുല്ലുകള്‍ കരിയാന്‍ കാരണമായി. മറ്റ് തീറ്റകളുടെ വില താങ്ങുവാന്‍ പ്രയാസമാണ് .- സാബു, (ക്ഷീരകര്‍ഷകന്‍)
Source link