യെമനിൽ വ്യോമാക്രമണം, ഹൂതി കേന്ദ്രങ്ങൾ തകർത്ത് യുഎസ് സേന; 53 മരണം

വാഷിങ്ടൻ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. യെമന്റെ തലസ്ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.യുഎസ് വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ആക്രമിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. ഞായറാഴ്ച യുഎസ് പോർവിമാനങ്ങൾ 11 ഹൂതി ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്നും ഇവയൊന്നും കപ്പലിന്റെ അടുത്തെത്തിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യെമനിലെ എല്ലാ സൈനിക നീക്കങ്ങളും നിർത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മരിച്ചവരിൽ ചില പ്രധാന ഹൂതി വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം ചെങ്കടലിൽ യുഎസ് കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.
Source link