CINEMA

‘12 വയസ്സ് മാത്രമാണ് ആ കുട്ടിക്ക്, കുറ്റപ്പെടുത്താതെ ചേർത്തു പിടിക്കുക’: സഞ്ജയ് പറയുന്നു


‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയുടെ തിരക്കഥ സ്വന്തം അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്ന് ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയിലെ സഞ്ജയ്. തനിക്ക് ഒരു അനുജനൊ അനുജത്തിയെ ഉണ്ടാകാൻ പോകുന്നു എന്ന അറിവ് മാനസികമായി തന്നെ ബുദ്ധിമുട്ടിലാക്കി എന്നും അക്കാലത്ത് പലരും പറഞ്ഞ കമന്റുകളിൽ നിന്ന് താൻ ഒരു രണ്ടാം സ്ഥാനക്കാരനായിപോകുമെന്ന് പേടിച്ചു എന്നും സഞ്ജയ് പറയുന്നു. തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി പിറക്കാൻ പോകുന്ന കുഞ്ഞിനെ ശത്രുവായി കാണുന്ന മാനസികാവസ്ഥ കുഞ്ഞുങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകാരണം കുട്ടി ഏതുരീതിയിൽ പ്രവർത്തിക്കുമെന്നു പറയാൻ കഴിയില്ലെന്നും സഞ്ജയ് പറഞ്ഞു.  കണ്ണൂരിൽ 12 വയസ്സുകാരി 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു തിരക്കഥാകൃത്ത് സജ്ഞയ്‌.  അദ്ദേഹം പറയുന്നതിങ്ങനെ.  ‘കണ്ണൂരിൽ 12 വയസ്സുള്ള ഒരു കുട്ടി 4 മാസം പ്രായമായ കുഞ്ഞിനെ ഇല്ലാതാക്കി എന്ന വാർത്ത നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ചില തിരക്കുകൾ കാരണം വാർത്ത ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.  സംഭവം സത്യമാണെങ്കിൽ വളരെ നിർഭാഗ്യകരമായിപ്പോയി.  ഞങ്ങൾ എഴുതിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയുടെ കഥയും അത്തരത്തിൽ ഒന്ന് ആയിരുന്നല്ലോ. എനിക്ക് ആ കഥ എഴുതാനുണ്ടായ പ്രചോദനം എന്റെ തന്നെ അനുഭവം ആയിരുന്നു. എന്റെ അമ്മ വീണ്ടും ഗർഭിണി ആയപ്പോൾ എനിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നിയിരുന്നു. ആ ഒരു തോന്നലിൽ നിന്ന് ഉണ്ടായ പ്രചോദനമാണ് ആ കഥയായി മാറിയത്. ഇനിയൊരു കുഞ്ഞ് വരുമ്പോൾ നിന്നോടുള്ള സ്നേഹം പോകും എന്ന് എന്നോട് ബന്ധുക്കളിൽ ചിലർ പറഞ്ഞു.  അപ്പോൾ ഇനി ഉണ്ടാകാൻ പോകുന്ന കുഞ്ഞ് എന്റെ ശത്രുവാണ് എന്നൊരു തോന്നലിൽ എനിക്കുണ്ടായ ഇൻസെക്യൂരിറ്റി ഭയങ്കരമായിരുന്നു. പക്ഷേ അതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ ആ പ്രശ്നം എനിക്ക് ഉണ്ടാകാത്ത രീതിയിലാണ് എന്റെ മാതാപിതാക്കൾ ആ വിഷയം കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ എനിക്ക് താഴെ ഉണ്ടായ എന്റെ അനുജത്തി എനിക്ക് ഏറെ പ്രിയപ്പെട്ടവൾ ആയി മാറി.  അവൾ ഉണ്ടായത് എന്റെ സന്തോഷ നിമിഷമായി മാറുന്ന രീതിയിൽ ആണ് എന്റെ അച്ഛനും അമ്മയും എന്നെ നോക്കിയത്. എങ്കിലും അത്തരമൊരു തോന്നൽ എനിക്കുണ്ടായത് വർഷങ്ങൾക്ക് ശേഷം ഒരു കഥ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചു.  എനിക്ക് അത് മറികടക്കാൻ കഴിഞ്ഞെങ്കിലും  എല്ലാ കുട്ടികൾക്കും അതിനു കഴിയണം എന്നില്ലല്ലോ.  അപ്പോൾ രണ്ടാമതൊരു കുഞ്ഞുണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആദ്യത്തെ കുഞ്ഞിന് നമ്മൾ ഏറ്റവും കൂടുതൽ കെയർ കൊടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യണം എന്നതാണ്. നവജാത ശിശുവിന് വേണ്ട പരിചരണം കൊടുത്തു കിടത്തിയാൽ മതി, പക്ഷെ ആദ്യത്തെ കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും അത് ആ കുഞ്ഞ് മനസ്സിലാക്കുകയും വേണം. രണ്ടാമത് ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുമ്പോൾ നമുക്കുള്ള കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുക.  പലരും അലസമായി ചെയ്യുന്ന കാര്യങ്ങളാണ് കുഞ്ഞുങ്ങളുടെ മനസ്സിൽ മുറിവായി അവശേഷിക്കുന്നത്. ഒരു അനുജനോ അനുജത്തിയെ വരാൻ പോകുമ്പോൾ ചിലർ കുട്ടിയോട് പറയും നിന്നെ ഇനി ഇവർക്ക് വേണ്ട, അല്ലെങ്കിൽ പുതിയ ആൾ വരാൻ പോവുകയാണല്ലോ ഇനിയിപ്പോൾ നിന്നെ ഇതുപോലെ നോക്കാനൊന്നും അമ്മയ്ക്ക് പറ്റില്ല, നിന്നെ ആർക്കും വേണ്ടാതെ ആകും എന്നൊക്കെ. അത് കുഞ്ഞുമനസ്സിൽ ഉണ്ടാക്കുന്ന മുറിവ് ചിലപ്പോൾ ആർക്കും മനസ്സിലായി എന്നു വരില്ല.  ആ വേദന കാരണം കുട്ടി എങ്ങനെ ചിന്തിക്കുന്നു എങ്ങനെ പ്രതികരിക്കും എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല.  സിനിമയിൽ ഉള്ള കുട്ടിയുടെ കാര്യവും അങ്ങനെ ആയിരുന്നു, അവനെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല.  ആ ഒരു ദുർബല നിമിഷത്തിൽ ആണ് അവനു അങ്ങനെ തോന്നിയത്.


Source link

Related Articles

Back to top button