ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹെെക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹെെക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹെെക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപര്യമില്ലെന്ന് അറിയിക്കണമെന്നും ഹെെക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ പൊലീസിന് മുന്നിൽ മൊഴി നൽകാൻ വിസമ്മതിക്കുന്നുവെന്നാണ് വിവരം.
അതേസമയം, മൊഴി നൽകിയില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളിയേക്കും. നിലവിൽ 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35 എണ്ണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിലാണ് മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തത്. നേരിട്ട് പരാതി നൽകിയ കേസുകളിൽ മാത്രം കുറ്റപത്രവുമായി മുന്നോട്ടുപോയേക്കും.
കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് പത്തൊൻപതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്.
Source link