‘ഓട നിറഞ്ഞ് റോഡിനൊപ്പം വെള്ളത്തിന്റെ കുതിപ്പ്; പെരുമഴയിൽ ശശി ഒഴുകിയത് രണ്ടു കിലോമീറ്ററോളം’

കോഴിക്കോട്∙ കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഓടയിൽ വീണ ശശിയെ വെള്ളം ഒഴുക്കിക്കൊണ്ടുപോയത് രണ്ടു കിലോമീറ്ററോളം. കോവൂർ എംഎൽഎ റോഡിൽ മോറ ബസാറിൽ കളത്തുംപൊയിൽ ശശി (ബാബു–65), സുഹൃത്തിനൊപ്പം മോറ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം.കനത്ത മഴയെത്തുടർന്നാണ് ഇന്നലെ രാത്രി 9 മണിയോടെ ശശി ബസ് സ്റ്റോപ്പിൽ കയറി നിന്നത്. രാത്രി എട്ടുമണിയോടെ ആരംഭിച്ച മഴയിൽ ഓടയിൽ വെള്ളം നിറഞ്ഞ് റോഡിനൊപ്പം കുത്തിയൊഴുകി. ബസ് സ്റ്റോപ്പിനു സമീപത്തുകൂടി ഒഴുകുന്ന ഓടയിലേക്ക് ശശി കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയും മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ ശശിയെ കണ്ടെത്താനായില്ല.കനത്ത മഴയും വെളിച്ചക്കുറവും മൂലം തിരച്ചിൽ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബിനീഷ് പറഞ്ഞു. രാത്രി 12 മണിവരെ 2 കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തി. നെല്ലിപ്പതാഴത്ത് ഓടയുടെ സ്ലാബിന് അടിയിൽ അടിഞ്ഞുകൂടിയ മാലിന്യത്തിനടിയിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ദൗത്യം രാവിലെ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.
Source link