പാക് ട്രെയിൻ തട്ടിയെടുത്ത് 20 പേരെ വധിച്ചു, 182 പേരെ ബന്ദികളാക്കി

ഇസ്ലാമാബാദ്: സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 പേരെ ബന്ദികളാക്കി. സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളും ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഏറ്റുമുട്ടലിനിടെ 20 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
സേനാംഗങ്ങൾ അവധിക്ക് നാട്ടിൽ പോകുന്ന ട്രെയിൻ പ്രക്ഷോഭകാരികൾ ഉന്നംവയ്ക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സാധാരണക്കാരെ സുരക്ഷിതമായി വിട്ടയച്ചെന്ന് ബി.എൽ.എ അറിയിച്ചു. 500ഓളം പേർ ഒമ്പത് ബോഗികളിലായി ഉണ്ടായിരുന്നെന്നാണ് വിവരം.
രാവിലെ 9ന് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്‌സ്‌പ്രസാണ് തട്ടിയെടുത്തത്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയിൽ ട്രെയിൻ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്.
ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരും പാക്സൈന്യവും ബന്ദികളെ മോചിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചു. പാകിസ്ഥാൻ സൈനിക നടപടിക്ക് മുതിർന്നാൽ ബന്ദികളെ വധിക്കുമെന്ന് ബി.എൽ.എ വക്താവ് ജിയാൻഡ് ബലൂച്ച് മുന്നറിയിപ്പ് നൽകി.
ലോക്കോ പൈലറ്റിനെ
വെടിവച്ചു വീഴ്ത്തി
കച് ജില്ലയിലെ പെറു കാൻറി മേഖലയിലെ റെയിൽവേ ട്രാക്കുകളിൽ ഒന്ന് പ്രക്ഷാേഭകാരികൾ തകർത്തു. എട്ടാം നമ്പർ തുരങ്കത്തിന് സമീപത്തുവച്ച് ട്രെയിനുനേരെ വെടിയുതിർത്തു. ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടു. ട്രെയിൻ പ്രക്ഷാേഭകാരികളുടെ നിയന്ത്രണത്തിലായി
പാകിസ്ഥാനിൽ നിന്ന്
മോചനം ലക്ഷ്യം
പാകിസ്ഥാന്റെയും ഇറാന്റെയും അതിർത്തി മേഖലയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. പർവത മേഖലയായതിനാൽ പാക് സൈന്യത്തിന് പെട്ടെന്ന് മുന്നേറാനാവില്ല. പ്രക്ഷോഭകാരികളുടെ ആക്രമണം ചെറുക്കാനും ബുദ്ധിമുട്ട്
1948ൽ പാകിസ്ഥാൻ സൈനിക നീക്കത്തിലൂടെയും രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയും രാജ്യത്തിന്റെ ഭാഗമാക്കി.അന്നു മുതൽ സ്വതന്ത്രരാജ്യത്തിനുള്ള മുറവിളിയും ഉയർന്നു തുടങ്ങി.1970ലാണ് പ്രവിശ്യാ പദവി നൽകിയത്
സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ലിബറേഷൻ ആർമി
Source link