പാതിവില തട്ടിപ്പിൽ 1343 കേസുകൾ; അനന്തുകൃഷ്ണന്റെ ഭൂസ്വത്തുക്കൾ കണ്ടുകെട്ടി: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 വരെ റജിസ്റ്റര്‍ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതില്‍ 665 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍, രവി പന്നയ്ക്കല്‍, പി.പി.റിയാസ്, മുഹമ്മദ് ഷാഫി, ആനന്ദ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.386 കേസുകളിലാണ് അന്വേഷണം ആരംഭിച്ചത്. ഈ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ 49,386 പേരില്‍നിന്ന് പകുതി വിലയ്ക്കു സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 281.43 കോടി രൂപ വാങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതില്‍ 16,438 പേര്‍ക്കു മാത്രമാണ് സ്‌കൂട്ടര്‍ നല്‍കിയത്. സമാനമായി ലാപ്‌ടോപ് വാഗ്ദാനം ചെയ്ത് 36,891 പേരില്‍നിന്ന് 9.22 കോടി രൂപ വാങ്ങിയതില്‍ 29,897 പേര്‍ക്കു മാത്രമാണ് ലാപ്‌ടോപ് നല്‍കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.തയ്യല്‍ മെഷീന്‍ വാഗ്ദാനം ചെയ്ത് 56,082 പേരില്‍നിന്ന് 23.24 കോടി രൂപ വാങ്ങിയതില്‍ 53,478 പേര്‍ക്കാണു മെഷീന്‍ നല്‍കിയത്. പ്രതിയുടെയും പ്രതിയുടെ സ്ഥാപനങ്ങളുടേതുമായി 23 ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. പ്രതി അനന്തുകൃഷ്ണന്റെ മൂന്നു ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കോടതി നടപടികള്‍ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link