കാർവില കൂടും; ഏപ്രിൽ മുതൽ, പുതു സാമ്പത്തിക വർഷത്തിൽ പുത്തൻ വില

ന്യൂഡൽഹി ∙ പുതിയ സാമ്പത്തിക വർഷത്തിൽ വീണ്ടും വില വർധനയുമായി കാർ കമ്പനികൾ. ഏപ്രിൽ മുതൽ മാരുതി സുസുക്കിയുടെ എല്ലാ കാറുകൾക്കും 4%, ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾക്ക് 2% എന്നിങ്ങനെ വില വർധന ഇന്നലെ പ്രഖ്യാപിച്ചു. മറ്റു കമ്പനികളും വർധന വരുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഉൽപാദനച്ചെലവും പ്രവർത്തനച്ചെലവും ഉയർന്നതിനാലാണ് വർധനയെന്നാണ് കമ്പനികൾ പറയുന്നത്.മാരുതി സുസുക്കി ഈ വർഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വില വർധനയാണിത്. 2025 ജനുവരി മുതൽ കാറുകളുടെ വില മാരുതി 4% ഉയർത്തിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ചില മോഡലുകൾക്ക് മാത്രം 32,500 വരെ വീണ്ടും കൂട്ടി. ഈ വർഷം ആദ്യമായാണ് ടാറ്റ കാറുകളുടെ വില ഉയർത്തുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിർമാതാക്കളും ഈ വർഷമാദ്യം വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്സ്, നിസാൻ, വിവിധ ആഡംബര കാർ കമ്പനികൾ എന്നിവയാണ് വില വർധിപ്പിച്ചത്. സമാന രീതിയിൽ പുതിയ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുടെയും ടാറ്റയുടെയും മാതൃക മറ്റു കമ്പനികളും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. നിർമാണ സാമഗ്രികളുടെ വില കൂടിയത് മിക്ക വാഹന നിർമാതാക്കളെയും പ്രതിസന്ധിയിലാക്കിയെന്നാണ് വിദഗ്ധർ പറയുന്നത്.
Source link