KERALAM

പാക് ട്രെയിൻ തട്ടിയെടുത്ത സംഭവം; 150 പേരെ മോചിപ്പിച്ചു, 27 വിഘടനവാദികൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 150 പേരെ മോചിപ്പിച്ചു. സുരക്ഷാ സേനയും ബിഎൽഎയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 27 വിഘടനവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. നൂറിലധികം പേർ ഇപ്പോഴും ബന്ദികളാണ്.

രാവിലെ ഒമ്പതിന് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്‌സ്‌പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയിൽ ട്രെയിൻ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരും പാക്സൈന്യവും ബന്ദികളെ മോചിപ്പിക്കാനുള്ള ദൗത്യത്തിലാണ്. പാകിസ്ഥാൻ സൈനിക നടപടിക്ക് മുതിർന്നാൽ ബന്ദികളെ വധിക്കുമെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കച് ജില്ലയിലെ പെറു കാൻറി മേഖലയിലെ റെയിൽവേ ട്രാക്കുകളിൽ ഒന്ന് പ്രക്ഷാേഭകാരികൾ തകർത്തു. എട്ടാം നമ്പർ തുരങ്കത്തിന് സമീപത്തുവച്ച് ട്രെയിനുനേരെ വെടിയുതിർത്തു. ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തിയ ശേഷം ബിഎൽഎ ട്രെയിൻ നിയന്ത്രണത്തിലാക്കുകയായിരുന്നു. പാകിസ്ഥാന്റെയും ഇറാന്റെയും അതിർത്തി മേഖലയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. പർവത മേഖലയായതിനാൽ പാക് സൈന്യത്തിന് പെട്ടെന്ന് മുന്നേറാനാവില്ല. പ്രക്ഷോഭകാരികളുടെ ആക്രമണം ചെറുക്കാനും ബുദ്ധിമുട്ടാണ്. സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ലിബറേഷൻ ആർമി.


Source link

Related Articles

Back to top button