പാകിസ്ഥാൻ ട്രെയിൻ റാഞ്ചൽ: ബന്ദികളെ മോചിപ്പിച്ചു, 50 അക്രമികളെ വധിച്ചെന്ന് പാക് സൈന്യം

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) തട്ടിയെടുത്ത ട്രെയിനിലെ ബന്ദികളെ മോചിപ്പിച്ചതായി പാകിസ്ഥാൻ. സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളെ രക്ഷിച്ചത്. ഇവരെ മാച്ചിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി. ട്രെയിൻ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികളുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിനിടെ പാക് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബന്ദികളിൽ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. ബന്ദികളാക്കിയ മുന്നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
അതേസമയം ഏറ്റുമുട്ടലിനിടെ 30 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും പാക് തടവറകളിലുള്ള ബലൂച് രാഷ്ട്രീയത്തടവുകാരെ 24 മണിക്കൂറിനുള്ളിൽ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയക്കാമെന്നും ബി.എൽ.എ വക്താവ് നേരത്തെ പറഞ്ഞിരുന്നു.
സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി വാദിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ചൊവ്വാഴ്ചയാണ് പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 ലധികം ആളുകളെ ബന്ദികളാക്കിയത്. ഒമ്പത് ബോഗികളിലായി സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളുമായിരുന്നു ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കഴിഞ്ഞ ദിവസം തന്നെ വിട്ടയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 9ന് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയിൽ ട്രെയിൻ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ട്രെയിൻ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്. സേനാംഗങ്ങൾ അവധിക്ക് നാട്ടിൽ പോകുന്ന ട്രെയിൻ പ്രക്ഷോഭകാരികൾ ഉന്നംവയ്ക്കുകയായിരുന്നു. പ്രദേശത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Source link