ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു, മാർച്ച് 31 മുതൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും

ഗതാഗത രംഗത്ത് വലിയൊരു പരിവർത്തനത്തിനാണ് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേയ്ക്ക് മാറിയതിന് പിന്നാലെ, ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ മന്ത്രാലയം. തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് – സോനിപത്ത് ( 90 കിലോമീറ്റർ) പൈതൃക പാതയിൽ ഈ മാസം 31 മുതൽ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ഹൈഡ്രജൻ ട്രെയിനിന്റെ ബ്ലൂപ്രിന്റ് വികസിപ്പിച്ചു കഴിഞ്ഞു. ഇതോടെ ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി മാറുകയാണ് ഇന്ത്യ. ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.
ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു നിർമ്മാണം. കംപ്രസ്ഡ് ഹൈഡ്രജൻ ലഭ്യമാക്കാൻ സ്വകാര്യ വിതരണക്കാരെയും ആശ്രയിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ഹൈഡ്രജൻ ഉത്പാദന – സംഭരണ പ്ലാന്റുകൾ സ്ഥാപിക്കും. ഡീസൽ, ഡെമു ട്രെയിനുകളെ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹരിതവത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിനുകൾ എന്നാണ് റെയിൽവേ വ്യക്തമാക്കിയത്. ഡാർജിലിംഗ്- ഹിമാലയൻ റെയിൽവേ, നീൽഗിരി മൗണ്ടൻ റെയിൽവേ, കൽക- ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ, കാംഗ്ര വാലി, ബിൽമോറ വാഗയ്, മാർവാർ- ദേവ്‌ഗാർഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ തുടക്കത്തിൽ ഓടുക.
ഒരു ഹൈഡ്രജൻ ട്രെയിനിൽ ആറ് ബോഗികൾ ആയിരിക്കും ഉണ്ടാവുക. ഓരോ ബോഗിയിലും 100 കിലോവാട്ട് ഫ്യൂവൽ സെല്ലുകൾ ഉണ്ടാവും. ട്രെയിൻ പുറംതള്ളുന്നത് നീരാവി മാത്രം. മണിക്കൂറിൽ 140 കിലോമീറ്റർ ആണ് വേഗത. 80 കോടിയാണ് നിർമ്മാണച്ചെലവ്. ഹൈഡ്രജൻ ട്രെയിനിനായി ജിന്ദ് – സോനിപത്ത് പാത പരിഷ്‌കരിക്കാൻ 70 കോടിയാണ് ചെലവിട്ടത്. ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങൾ പുറന്തള്ളുകയില്ല എന്നുള്ളതിനാൽ യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ മറ്റൊരു പ്രത്യേകത.
Source link