KERALAMLATEST NEWS

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം, പെൺപ്രതിഷേധത്തിൽ തലസ്ഥാനം നിശ്ചലം

തിരുവനന്തപുരം: കൊടും വെയിലിലും പെരുമഴയിലും തളരാതെ ആശമാർ തലസ്ഥാനത്ത് പ്രതിഷേധത്തിന്റെ ഉരുക്കുമതിൽ തീർത്തു. വേതനവർദ്ധനവും വിരമിക്കൽ ആനുകൂല്യവും നൽകാതെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് ഉപരോധം.

സർക്കാർ സംസ്ഥാനതലത്തിൽ ആശമാർക്കായി സംഘടിപ്പിച്ച പാലിയേറ്റീവ് പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശം അവഗണിച്ചാണ് സംസ്ഥാനത്തുടനീളമുള്ള ആശ വർക്കർമാർ ഇന്നലെ ഉപരോധത്തിനെത്തിയത്. റോഡിലിരുന്നും കാർബോർഡ് വിരിച്ച് കിടന്നും തലസ്ഥാനത്തെ സ്തംഭിപ്പിച്ചു. ഗതാഗതം താറുമാറായി. പൊരിവെയിലിൽ കുഴഞ്ഞുവീണ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടത്തെ ശക്തമായ വെയിലിൽ കുട ചൂടി ഉപരോധം തുടർന്നു. രാവിലെ 10ന് തുടങ്ങിയ സമരം വൈകിട്ട് 5നാണ് അവസാനിച്ചത്. അതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉപരോധം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ.ബിന്ദു അദ്ധ്യക്ഷയായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എൽ.എ.മാരായ കെ.കെ.രമ, പി.സി.വിഷ്ണുനാഥ്,​ രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, ഷാഫിപറമ്പിൽ എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, വി.എസ്.ശിവകുമാർ, ബാബു ദിവാകരൻ, മിനി കെ.ഫിലിപ്പ്, എസ്.മിനി, കെ.ശൈവപ്രസാദ്, ജോർജ് മാത്യു കൊടുമൺ, എൻ.സുബ്രഹ്മണ്യം, ലക്ഷ്മി.ആർ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ സന്ദേശം സമരവേദിയിൽ കേൾപ്പിച്ചു.

20 മുതൽ

നിരാഹാരം

20 മുതൽ ആശാവർക്ക‌ർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. മൂന്ന് നേതാക്കൾ നിരാഹാരമിരിക്കുമെന്നാണ് പ്രഖ്യാപനം.

 സമരം ചെയ്തല്ല കാര്യങ്ങൾ നേടേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയരുത്. ആശമാരുടെ സമരത്തിന് പരിഹാരം കണ്ടാൽ മുഖ്യമന്ത്രിയെ ആദ്യം അഭിനന്ദിക്കുന്നയാൾ താനായിരിക്കും.

-വി.ഡി.സതീശൻ,

പ്രതിപക്ഷനേതാവ്

 ഡൽഹിയിൽ പോകുമ്പോൾ കേന്ദ്രമന്ത്രിമാരെ സുഖിപ്പിക്കുകയും കേരളത്തിൽ കേന്ദ്രത്തെ കുറ്റംപറയുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആശാവർക്കർമാരുടെ പ്രശ്നം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ ബോദ്ധ്യപ്പെടുത്തിയില്ല.

– കെ.സുരേന്ദ്രൻ,

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ


Source link

Related Articles

Back to top button