ഓപ്പറേഷന്‍ ഡി ഹണ്ടിൽ 254 പേർ പിടിയിൽ; ലഹരിക്കേസിലെ സ്ഥിരം കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് എക്‌സൈസ്

തിരുവനന്തപുരം∙ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി മാര്‍ച്ച് 16ന് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവില്‍ പിടിയിലായത് 254 പേർ. ലഹരിമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5,544 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. വിവിധ തരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ വ്യക്തമാക്കി. 254 പേരാണ് അറസ്റ്റിലായത്. 29.1 ഗ്രാം എംഡിഎംഎ, 6.071 കി.ഗ്രാം കഞ്ചാവ്, 177 കഞ്ചാവ് ബീഡി എന്നിവയും റെയ്ഡിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം, ലഹരിമരുന്നിനെതിരെ എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികള്‍ തുടരുകയാണ്. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റി’ന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 16 വരെ നടത്തിയ റെയ്ഡിൽ 721 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 2.15 കോടി രൂപ വിലവരുന്ന ലഹരിമരുന്നും റെയ്ഡിൽ പിടികൂടി. 81.21 ഗ്രാം എംഡിഎംഎ, 55.73 ഗ്രാം ഹെറോയിന്‍, 39.26 ഗ്രാം മെത്താഫെറ്റമിന്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 133.9 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ക്ലേറ്റ്, 22 ഗ്രാം ചരസ്, 31.7 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയാണ് പിടിച്ചത്. 725 മയക്കുമരുന്നു കേസുകളിലായി 742 പേരെ പ്രതി ചേര്‍ത്തു. സംസ്ഥാനത്താകെ 5399 റെയ്ഡുകള്‍ നടത്തി.അതിനിടെ സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ തുടര്‍ച്ചയായി പ്രതികളാകുന്നവരുടെ പട്ടിക എക്‌സൈസ് വകുപ്പ് പുറത്തുവിട്ടു. സ്ഥിരം കുറ്റവാളികള്‍ ആകുന്നവരെ നിരന്തരമായി നിരീക്ഷിച്ച ശേഷം രഹസ്യവിവരങ്ങള്‍ ശേഖരിച്ച് കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് എക്സൈസിന്റെ തീരുമാനം. ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ പട്ടിക ജില്ല തിരിച്ച് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
Source link