KERALAM

റാഗിംഗിന് ഇരയായി;കണ്ണ് ചൂഴ്ന്നെടുത്ത് ഇരുളിലാണ്ട സാവിത്രി വിടവാങ്ങി, മരണം നാൽപ്പത്തിയഞ്ചാം വയസിൽ

കാസർകോട്: പതിനാറാം വയസിൽ കോളേജിൽ റാഗിംഗിന് ഇരയായി മനോനില തെറ്റിയതിനെ തുടർന്ന് കണ്ണു കുത്തിപ്പൊട്ടിച്ച് ഇരുളിലായ കാസർകോട് ചെറുവത്തൂർ വെങ്ങാട്ടെ സാവിത്രി (45)​ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം

1995-96 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരുന്ന സാവിത്രി 377 മാർക്കോടെ അക്കാലത്ത് വൻനേട്ടമായിരുന്ന ഫസ്റ്റ് ക്ളാസിലാണ് പാസായത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന് മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയായി. മാനസിക സംഘർഷം മൂലം പിന്നീട് വീടിനു പുറത്തിറങ്ങിയില്ല. ഏതാനും വിദ്യാർത്ഥികളുടെ പേരിൽ കോളേജ് അധികൃതർ നടപടിയെടുത്തെങ്കിലും കാര്യമായ നിയമ നടപടിയില്ലാതെ കേസ് അവസാനിച്ചു. പഠനം നിർത്തിയ സാവിത്രി കോമ്പസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.ഇതോടെ ജീവിതം സ്വയം ഇരുളിലാവുകയായിരുന്നു.

കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ആശുപത്രികളിൽ ചികിൽസ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് കഴിഞ്ഞിരുന്നത്. എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ വീട് നിർമ്മിച്ച് കൊടുക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ നടന്നില്ല. കുടുംബസ്വത്തായുള്ള ചെറിയ ഭൂമിയും കുടിലുമായിരുന്നു ഉണ്ടായിരുന്നത്. പല അസുഖങ്ങളും പിടിപെട്ടു. രോഗം കൂടിയതിനാൽ മംഗളുരു യേനപോയ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

മൃതദേഹം വെങ്ങാട്ടെ വസതിയിൽ കൊണ്ടുവന്നശേഷം സംസ്ക്കാരം നടത്തി. വട്ടിച്ചിയാണ് മാതാവ്. സുകുമാരി, ശാന്ത, തങ്കം എന്നിവർ സഹോദരങ്ങളാണ്.

`ലൈഫ് ഭവന പദ്ധതി പ്രകാരം സാവിത്രിയുടെ കുടുംബത്തിന് വീട് അനുവദിച്ചിട്ടുണ്ട്. പഴയ വീട് പൊളിച്ചുമാറ്റി അവിടെ ലൈഫ് വീട് പണിയാൻ തറ കെട്ടിയിട്ടുണ്ട്. ചികിത്സക്കും സഹായത്തിനും നാട്ടുകാർ എന്നും ഉണ്ടായിരുന്നു.’

-മഹേഷ് വെങ്ങാട്ട്

ചെറുവത്തൂർ ഗ്രാമ

പഞ്ചായത്ത് മെമ്പർ


Source link

Related Articles

Back to top button