കൊച്ചിയ്‌ക്കടുത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഉപയോഗം വർദ്ധിച്ചു, കഞ്ചാവുമായി അസംകാരൻ മോണി കഞ്ചൻ ഗോഗോയ് പിടിയിൽ

അരൂർ : അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെ അസം സ്വദേശിയായ യുവാവ് പിടിയിലായി. മോണി കഞ്ചൻ ഗോഗോയ് (30) ആണ് എരമല്ലൂർ കുടപുറം റോഡിൽ നിന്ന് അരൂർ പൊലീസിന്റെ പിടിയിലായത്. ഒരു കിലോ 114 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അന്യസംസ്ഥാനത്തുനിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് അരൂർ എസ്.എച്ച്.ഒ.കെ.ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗീതമോൾ, സാജൻ,സീനിയർ സി.പി.ഒ ശ്രീജിത്ത്,സി.പി.ഒ മാരായ കെ.ആർ.രതീഷ്, നിതീഷ്, വിജീഷ്,ജോമോൻ, ശ്യാംജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വർദ്ധിച്ച സാഹചര്യത്തിൽ ഇവരുടെ ക്യാമ്പുകളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരൂർ സ്റ്റേഷൻ പരിധിയിൽ മാത്രം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്ന് 40 കിലോയോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും അരൂർ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
Source link