ഇന്ത്യ– ന്യൂസീലൻഡ്: വ്യാപാരം ശക്തിപ്പെടുത്താൻ ധാരണ

ന്യൂഡൽഹി ∙ പ്രതിരോധ രംഗത്തെ സഹകരണത്തിനും ഇന്ത്യ– പസിഫിക് മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ധാരണ. ഇന്ത്യ സന്ദർശിക്കുന്ന ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണു തീരുമാനം. ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ സഹകരണം, ചരക്കുനീക്കം ലളിതമാക്കൽ എന്നിവയിലും ധാരണയായി. കൃഷി, വിദ്യാഭ്യാസ, വനം, കായിക മേഖലയിലും സഹകരണത്തിനു ധാരണയായി. സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പുറമേ, പ്രഫഷനലുകൾ, നൈപുണ്യ ശേഷിയുള്ള തൊഴിലാളികൾ എന്നിവരുടെ കൈമാറ്റം സംബന്ധിച്ചും ചർച്ച ആരംഭിക്കും. മെഡിക്കൽ, ഐടി രംഗത്തുള്ള ഇന്ത്യക്കാർക്ക് ഇതു നേട്ടമാകും. കടൽ സുരക്ഷയ്ക്കുള്ള സംയോജിത മാരിടൈംസ് ഫോഴ്സസിൽ ഭാഗമാകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ന്യൂസീലൻഡ് സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന കംബൈൻഡ് ടാസ്ക് ഫോഴ്സ്–150 (സിടിഎഫ്150) എന്ന കൂട്ടായ്മയിലാണ് ഇന്ത്യയും ഭാഗമാകുന്നത്. ഇന്ത്യ– പസിഫിക് മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ ഇടപെടലുകൾ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെയും ന്യൂസീലൻഡ് പിന്തുണച്ചു. മേഖലയിൽ ചൈനീസ് ഇടപെടൽ ശക്തമായിരിക്കെയാണ് ന്യൂസീലൻഡ് പിന്തുണ പ്രഖ്യാപിച്ചത്
Source link