എസ്.എസ്.എൽ.സി പരീക്ഷ ; കുഴപ്പിക്കാതെ കണക്ക്

തിരുവനന്തപുരം: പൊതുവേ കണക്ക് പരീക്ഷയെ ആശങ്കയോടെ അഭിമുഖീകരിക്കുന്ന കുട്ടികൾക്കും ആത്മവിശ്വാസം പകരുന്നതായിരുന്നു ഇന്നലെ നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷ. ഭൂരിഭാഗം ചോദ്യങ്ങളും എല്ലാ വിഭാഗം കുട്ടികളെയും സന്തോഷിപ്പിക്കുന്നവയായിരുന്നു. മുൻവർഷത്തെ ചോദ്യപേപ്പറുകൾ വച്ച് നന്നായി പരിശീലിച്ച കുട്ടികൾക്ക് പ്രയാസം കൂടാതെ എഴുതാനാവും.
80 സ്‌കോറിന്റെ പരീക്ഷയ്ക്ക് 110 സ്‌കോറിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതായിരുന്നു ചോദ്യപേപ്പർ. രണ്ട് സ്‌കോറിന്റെ ചോദ്യങ്ങളിൽ നാലാമത്തെ ചോദ്യം കുട്ടികൾ ഒന്നാലോചിച്ച് എഴുതേണ്ടതായിരുന്നു. 3,4,5 സ്‌കോറുകളുടെ മിക്ക ചോദ്യങ്ങളും ക്ലാസ് മുറിയിൽ ചെയ്ത് പരിശീലിച്ചവയായതിനാൽ കുട്ടികളെ ബുദ്ധിമുട്ടിച്ചില്ല. 10,14, 26 എന്നീ നിർമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും എളുപ്പത്തിൽ വരയ്ക്കാൻ കഴിയുന്ന രീതിയിലുള്ളവയായിരുന്നു. തന്നിരിക്കുന്ന ഖണ്ഡിക വായിച്ച ശേഷം ഉത്തരമെഴുതേണ്ട 29ാം ചോദ്യം ത്രികോണമിതിയെന്ന അദ്ധ്യായവുമായി ബന്ധപ്പെടുത്തി ചോദിച്ചതിനാൽ കുട്ടികൾക്ക് പ്രയാസമില്ലാതെ ഉത്തരമെഴുതാൻ കഴിയുന്നതായിരുന്നു.ചോദ്യങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് എഴുതുന്ന കുട്ടിക്കും എ പ്ലസ് ഗ്രേഡ് നേടുന്നതിന് പ്രയാസമുണ്ടാകില്ല.
അഞ്ജുഷ ദേവി എ.എസ്.
(ഗണിത അദ്ധ്യാപിക,
ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ്.തൈക്കാട്, തിരുവനന്തപുരം)
Source link