LATEST NEWS

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി


കൊല്ലം∙ കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് (22) ചെമ്മാൻ‍മുക്കിലെ റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിനു മുന്നിൽ ചാടി  ജീവനൊടുക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് തേജസ്.  തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കുത്തേറ്റ ഫെബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലെത്തിയ തേജസ്, പർദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്തിരുന്നു. അമ്മ: ഡെയ്സി, സഹോദരി: ഫ്ലോറിൻ. തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ ഓവർ ബ്രിജിനു സമീപമെത്തിയ തേജസ് കൈ ഞരമ്പ് മുറിക്കുകയും അതുവഴി വന്ന ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ട്രെയിൻ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.


Source link

Related Articles

Back to top button