ഡേറ്റാ ബാങ്കിൽ ‘നികത്തു ഭൂമി’ പാടില്ല: ഹൈക്കോടതി

കൊച്ചി: ഡേറ്റാ ബാങ്കിൽ ‘നികത്തുഭൂമി”യെന്നു രേഖപ്പെടുത്തുന്നത് അനാവശ്യ നടപടിയാണെന്നും തെറ്റാണെന്നും ഹൈക്കോടതി. നെൽവയലെന്നോ തണ്ണീർത്തടമെന്നോ മാത്രമാണു ചേർക്കേണ്ടതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിനുള്ള വകുപ്പ് അനുസരിച്ച് ‘നെൽവയൽ”, ‘തണ്ണീർത്തടം” എന്നിവയല്ലാതെ മറ്റൊന്നും രേഖപ്പെടുത്താൻ വ്യവസ്ഥയില്ലെന്ന് കോടതി വിലയിരുത്തി.
10 വർഷത്തിലേറെയായി നികത്തു ഭൂമിയെന്നു വിശേഷിപ്പിച്ചിരിക്കുന്ന ഹർജിക്കാരന്റെ ഭൂമി ഡേറ്റാ ബാങ്കിൽനിന്നു നീക്കാൻ നിർദ്ദേശം നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇടപ്പള്ളി ലൈൻ പ്രോപ്പർട്ടീസ് നൽകിയ ഹർജിയാണു പരിഗണിച്ചത്.
കണയന്നൂർ താലൂക്ക് ഇടപ്പള്ളി നോർത്ത് വില്ലേജിൽ 65.39 ആർ ഭൂമിയുടെ ഉടമയാണ് ഹർജിക്കാരൻ. റവന്യൂ രേഖകളിൽ ഇത് നിലമാണ്. എന്നാൽ ഡേറ്റാ ബാങ്കിൽ നികത്തുഭൂമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റാ ബാങ്കിൽ ചേർത്തത് തെറ്റാണെന്നായിരുന്നു വാദം.
കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം നെൽവയൽ, തണ്ണീർത്തടം എന്നിവ മാത്രമാണു ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തേണ്ടതെന്ന് ഹർജിക്കാരൻ വാദിച്ചു.
ഹർജിക്കാരന്റെ ഭൂമി നികത്തു ഭൂമിയെന്ന് ഡേറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു.
ഹർജിക്കാരൻ ഫോം അഞ്ചിൽ നൽകിയ അപേക്ഷയിൽ ഡെപ്യൂട്ടി കളക്ടർ നടപടിയെടുക്കണം. ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.
Source link