നൽകിയത് 231.20 കോടി രൂപ; വയനാട് ദുരന്തത്തിൽ സർക്കാർ ജീവനക്കാരുടേത് ‘റിയൽ ചാലഞ്ച്’


തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയത് 231.20 കോടി രൂപ. ജീവനക്കാര്‍ കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. സ്പാര്‍ക് മുഖേന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു ലഭിച്ചത് 128.41 കോടി രൂപയാണ്. ലീവ് സറണ്ടർ വഴി 68.55 കോടി രൂപയും പിഎഫ് മുഖേന 23.26 കോടി രൂപയും ലഭിച്ചു. സ്പാര്‍ക്കിതര ജീവനക്കാരുടെ വിഹിതമായി ലഭിച്ചത് 13.87 കോടി രൂപയാണ്. എല്ലാവരും അ​ഞ്ച് ദിവസത്തെ ശമ്പളം നല്‍കിയാല്‍ 660 കോടി രൂപ ലഭിക്കേണ്ടതാണ്. പ്രളയത്തോടനുബന്ധിച്ചു സാലറി ചാലഞ്ച് വഴി 1,246 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്. അതീതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എംപി ഫണ്ടില്‍നിന്ന് കേരളത്തിലെ എംപിമാരും സംഭാവന നല്‍കി. പത്ത് എംപിമാരാണ് വയനാട് ജില്ലയ്ക്ക് കലാമിറ്റി കണ്‍സന്റ് ആയി സ്‌റ്റേറ്റ് നോഡല്‍ അതോറിറ്റിക്ക് തുക സമര്‍പ്പിച്ചത്. ജോണ്‍ ബ്രിട്ടാസ് – 1 കോടി രൂപ, ഷാഫി പറമ്പില്‍ – 25 ലക്ഷം, പി.പി.സുനീര്‍ – 25 ലക്ഷം, പി.ടി.ഉഷ – 5 ലക്ഷം, എന്‍.കെ.പ്രേമചന്ദ്രന്‍ – 10 ലക്ഷം, കെ.രാധാകൃഷ്ണന്‍ –  25 ലക്ഷം, വി.ശിവദാസന്‍ – 25 ലക്ഷം, എ.എ.റഹിം – 25 ലക്ഷം, ജോസ് കെ.മാണി – 25 ലക്ഷം, പി.സന്തോഷ്‌കുമാര്‍ – 25 ലക്ഷം എന്നിങ്ങനെയാണ് തുക നല്‍കിയിരിക്കുന്നത്.


Source link

Exit mobile version