ഇന്ത്യ x മാലദ്വീപ് സൗഹൃദ ഫുട്ബോൾ മത്സരം നാളെ ഷില്ലോംഗിൽ

ഷില്ലോംഗ്: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കു സൂപ്പർ താരം സുനിൽ ഛേത്രി മടങ്ങിവരുന്ന മത്സരമാണ് നാളെ ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാലദ്വീപിനെതിരേ അരങ്ങേറുന്നത്. വിരമിക്കൽ തീരുമാനം പിൻവലിപ്പിച്ച് സുനിൽ ഛേത്രിയെ ദേശീയ ടീമിലേക്കു തിരികെ എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഇന്ത്യയുടെ മുഖ്യപരിശീലകൻ മാനോലൊ മാർക്വെസ്. നാൽപ്പതുകാരനായ ഛേത്രി 151 മത്സരങ്ങളിൽനിന്ന് 94 ഗോൾ ഇന്ത്യക്കായി സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിൽ 100 ഗോൾ തികയ്ക്കുന്ന നാലാമൻ എന്ന നേട്ടത്തിലേക്കൊരു രണ്ടാം വരവാണ് സുനിൽ ഛേത്രിക്കു ലഭിച്ചിരിക്കുന്നത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (135), അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി (112), ഇറാൻ മുൻതാരം അലി ദേയി (108) എന്നിവർ മാത്രമാണ് രാജ്യാന്തര ഗോളടിയിൽ ഛേത്രിക്കു മുന്നിലുള്ളതെന്നതും ശ്രദ്ധേയം. യുവതാരങ്ങൾ ഇല്ലേ? തികച്ചും അപ്രതീക്ഷിതമായാണ് സുനിൽ ചേത്രി രാജ്യാന്തര ഫുട്ബോളിലേക്കു തിരിച്ചുവരവു പ്രഖ്യാപിച്ചത്. ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കു വേണ്ടി കളിക്കുന്ന ഛേത്രി 2024-25 സീസണിൽ 23 മത്സരങ്ങളിൽനിന്ന് 12 ഗോൾ സ്വന്തമാക്കി.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരമാണ് സുനിൽ ഛേത്രി എന്നതും വസ്തുത. ഇക്കാരണത്താലാണ് മാർക്വെസ് ഈ നാൽപ്പതുകാരനെ ദേശീയ ടീമിലേക്കു തിരികെ വിളിച്ചത്. ഇർഫാൻ യാദവ്, എഡ്മണ്ട് ലാൽരിൻഡിക്ക, ഡേവിഡ് ലാൽഹ്ലാൻസംഗ തുടങ്ങിയ യുവ സ്ട്രൈക്കർമാരുടെ അവസരം ഛേത്രിയുടെ മടങ്ങിവരവിലൂടെ അടഞ്ഞെന്നതും ശ്രദ്ധേയം. എഡ്മണ്ട് ഇന്ത്യക്കായി നാലു മത്സരങ്ങളിൽ കളിച്ചു. നാലിലും സബ്സ്റ്റിറ്റ്യൂട്ടായിരുന്നു. 2024 നവംബറിൽ മലേഷ്യക്കെതിരായ 1-1 സമനിലയിൽ കളിച്ച പരിചയം മാത്രമാണ് ചെന്നൈയിൻ എഫ്സിയുടെ ഇർഫാൻ യാദവിനുള്ളത്. ചുരുക്കത്തിൽ, നാൽപ്പതുകാരനായ ഛേത്രിയുടെ ഗോളടി മികവിനെ വെല്ലാൻ ഇന്ത്യൻ ഫുട്ബോളിൽ നിലവിൽ കളിക്കാരില്ലെന്നതാണു വാസ്തവം.
Source link