INDIA

‘അതിർത്തിയിലെ പിരിമുറുക്കങ്ങൾ അവസാനിച്ചു’: നരേന്ദ്ര മോദിയുടെ പരാമർശങ്ങളെ അഭിനന്ദിച്ച് ചൈന


ന്യൂഡൽഹി∙ ചൈന – ഇന്ത്യ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെ അഭിനന്ദിച്ച് ചൈന. ‘‘2‌000 വർഷത്തിലധികം നീണ്ട ചരിത്രത്തിൽ, ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം പഠിക്കുകയും മാനുഷിക പുരോഗതിക്കു സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.’’ – ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അടുത്തിടെ നടത്തിയ ചർച്ചകൾക്ക് ശേഷം അതിർത്തിയിലെ പിരിമുറുക്കങ്ങൾ അവസാനിച്ചതായും സാധാരണ നില കൈവന്നതായും ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ മോദി നടത്തിയ പരാമർശത്തിനാണ് മാവോ നിങ്ങിന്റെ മറുപടി. ‘‘മത്സരങ്ങൾ സംഘർഷങ്ങളായും അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായും മാറാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നതയ്ക്ക് പകരം ഞങ്ങൾ ചർച്ചകൾക്ക് ഊന്നൽ നൽകുന്നു, കാരണം ചർച്ചകളിലൂടെ മാത്രമേ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥിരതയുള്ള ബന്ധം കെട്ടിപ്പടുക്കാൻ കഴിയൂ.’’– മോദി പറഞ്ഞു. യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേരത്തെ മുന്നോട്ടുവന്നിരുന്നു. ന്യൂഡൽഹിയും ബെയ്ജിങും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നേതൃത്വം വഹിക്കാന്‍ സാധിക്കുമെന്നായിരുന്നു വാങ് യി പറഞ്ഞത്. ഈ പരാമർശത്തെ പിന്താങ്ങുന്നതായിരുന്നു മോദി ഫ്രിഡ്മാനു നൽകിയ അഭിമുഖത്തിലെ പ്രസ്താവന.


Source link

Related Articles

Back to top button