വണ്ടിപ്പെരിയാറിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു, ചികിത്സയ്ക്കായി തേക്കടിയിലേക്ക് മാറ്റി

ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കല്ലിലെ എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. വിദഗ്ധ പരിശീലനം നേടിയ വനംവകുപ്പിന്റെ സംഘമാണ് കടുവയെ വെടിവച്ചത്. ഇപ്പോൾ കടുവയെ തേക്കടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കാലിന് പരിക്കേറ്റ കടുവ പ്രദേശത്ത് നായയെയും പശുവിനെയും കടിച്ചുകൊന്നത്. ഇതോടെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലിൽ എത്തി സ്ഥലപരിശോധന നടത്തിയത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വെറ്ററിനറി സംഘം കടുവയെ വെടിവച്ചത്. പത്ത് മിനിട്ടോളമെടുത്തതിനുശേഷമാണ് കടുവ മയങ്ങിയത്. തുടർന്നാണ് കൂട്ടിലാക്കി വാഹനത്തിൽ കയറ്റിയത്. കടുവയെ തേക്കടിയിൽ എത്തിച്ചാലുടൻ ചികിത്സ നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. ഇന്നലെ പകൽ മുഴുവൻ കടുവയെ മയക്കുവെടി വയ്ക്കാൻ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനായി പെരിയാർ കടുവ സങ്കേതത്തിൽ നിന്നുളള പ്രത്യേക സംഘവും എത്തിയിരുന്നു.
സ്ഥലവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലായിരുന്നു പ്രദേശവാസികൾ. ഗ്രാമ്പിയിൽ ഇറങ്ങിയ അതേ കടുവയാണെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചത്. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തേയില തോട്ടത്തിനരികിൽ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.
Source link