ലിപ്സ്റ്റിക്കിലും ഫേസ് പാക്കിലും വില്ലനായി മെർക്കുറി; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

കോഴിക്കോട്: സൗന്ദര്യ വർദ്ധക വസ്തുക്കളായ ലിപ്സ്റ്റിക്കിലും ഫേസ് പാക്കിലും അപകടകരമാകുംവിധം മെർക്കുറി അടങ്ങിയിട്ടുള്ളതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തൽ. ഒരു പി.പി.എം (പാർട്ട്സ് പെർ മില്യൺ) ആണ് അനുവദനീയമായ അളവ്. ഇതിന്റെ 12,000 ഇരട്ടിയാണ് ചിലതിലുള്ളത്. വിപണിയിലെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടുന്നതിനായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’യിലാണ് ഗുരുതര കണ്ടെത്തൽ.
മൂന്നാംഘട്ട പരിശോധനയാണ് നിലവിൽ നടക്കുന്നത്. 101 സ്ഥാപനങ്ങൾ പരിശോധിച്ചു. ലൈസൻസില്ലാത്തതും 2020ലെ കോസ്മെറ്റിക്സ് നിയമം പാലിക്കാത്തതുമായ 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
മെർക്കുറി അമിതമായാൽ ആന്തരികാവയവങ്ങളെ ബാധിക്കും. പുരട്ടുന്നതിന്റെ രണ്ടുശതമാനം ശരീരം വലിച്ചെടുക്കും. ഇവ പുറന്തള്ളാതിരിക്കുമ്പോൾ വൃക്കയെ ബാധിക്കും. ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പെട്ടെന്ന് ഫലം തരുന്ന ചില ഫേസ് പാക്കുകളും ക്രീമുകളുമുണ്ട്. ഇവ ചർമ്മത്തിന്റെ തനിമ ക്രമേണ നഷ്ടപ്പെടുത്തും.
ഓപ്പറേഷൻ സൗന്ദര്യ
(1, 2 ഘട്ടങ്ങൾ)
7 ലക്ഷത്തിന്റെ കോസ്മെറ്റിക്കുകൾ പിടിച്ചെടുത്തു
33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു
പ്രധാനമായും പരിശോധിച്ചത്
ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ
ശ്രദ്ധിക്കാൻ
സൗന്ദര്യ വർദ്ധക വസ്തുക്കൾ മതിയായ ലൈസൻസോടു കൂടി നിർമ്മിച്ചതാണോയെന്ന് ഉറപ്പാക്കണം. വില കുറഞ്ഞവ ഉപയോഗിക്കരുത്. നിർമ്മാതാവിന്റെ മേൽവിലാസം ലേബലിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
പരാതികൾ അറിയിക്കാൻ: 18004253182
സൗന്ദര്യ വർദ്ധകവസ്തുക്കളിൽ അളവിൽ കൂടുതലുള്ള മെർക്കുറി ഞരമ്പ്, വൃക്ക എന്നിവയെ ബാധിക്കാം. ഗർഭിണികളെയും കുട്ടികളെയും കൂടുതൽ ബാധിക്കാനിടയുണ്ട്.
– ഡോ. എ.സരിൻ
Source link