കോഴിക്കോട് നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ നിറഞ്ഞൊഴുകുകയായിരുന്ന ഓടയിൽ അബദ്ധത്തിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശിയായ ശശിയുടെ (65) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും ഒരുകിലോമീറ്റർ മാറിയാണ് നാട്ടുകാർ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്.
ഞായറാഴ്‌ച രാത്രിയിൽ കോഴിക്കോടും പരിസരങ്ങളിലും കനത്ത മഴയായിരുന്നു. വിവിധയിടങ്ങളിലെ വെള്ളം ഒരുമിച്ച് കുതിച്ചെത്തുന്ന ഇടമായിരുന്നു കോവൂർ എംഎൽഎ റോഡിലെ സംഭവസ്ഥലം. കോവൂർ മണലേരി താഴത്തെ ബസ് സ്റ്റോപ്പിൽ മഴസമയം ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽതെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.
സംഭവസമയം ശശിയും സുഹൃത്തുമാണ് ഇവിടെയുണ്ടായിരുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും പരിശോധന നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. പത്ത് മണിക്കൂറിലേറെയായി നാട്ടുകാർ തെരച്ചിൽ നടത്തിയതിനൊടുവിലാണ് രാവിലെ മൃതദേഹം കണ്ടുകിട്ടിയത്. ഈ പ്രദേശത്ത് വിവിധയിടങ്ങളിൽ ഓടയ്‌ക്ക് മൂടിയില്ലാത്തതിനെക്കുറിച്ച് മുൻപും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.
Source link