മുത്തൂറ്റ് ഫിനാൻസ് ഓഹരിക്ക് മികച്ച നേട്ടം; വിപണിമൂല്യം വീണ്ടും 92,000 കോടി ഭേദിച്ചു, എതിരാളികളേക്കാൾ ഇരട്ടിയിലേറെ മുന്നിൽ

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ വിതരണക്കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന്റെ (Muthoot Finance) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. 2,232 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരിവില ഒരുഘട്ടത്തിൽ 5% കുതിച്ച് 2,308 രൂപവരെയെത്തി. നിലവിൽ ഉച്ചയ്ക്കു മുമ്പത്തെ സെഷനിൽ എൻഎസ്ഇയിൽ 4.26% ഉയർന്ന് 2,290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് രേഖപ്പെടുത്തിയ 2,334.80 രൂപയാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ സർവകാല റെക്കോർഡ് ഉയരം. കമ്പനിയുടെ വിപണിമൂല്യം വീണ്ടും 92,000 കോടി രൂപയും ഇന്നു ഭേദിച്ചു. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ വിപണിമൂല്യപ്രകാരം ഒന്നാംസ്ഥാനത്താണ് മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ സ്വർണവായ്പാ മൂല്യം ചരിത്രത്തിൽ ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്ന പശ്ചാത്തലത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ മുന്നേറ്റം. കഴിഞ്ഞ ഡിസംബർ പാദത്തിൽ 92,964 കോടി രൂപയായിരുന്നു കമ്പനി വിതരണം ചെയ്ത സ്വർണപ്പണയ വായ്പകളുടെ ആകെ മൂല്യം. അതേ പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് 19% വളർച്ചയോടെ 3,908 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.
Source link