മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി; സർക്കാരിനെതിരെ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. കമ്മീഷനെ നിയമിച്ചതിന്റെ സാധുത ചോദ്യംചെയ്‌ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
വഖഫ് സംരക്ഷണ വേദിക്ക് ഹർജി ഫയൽ ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. മുമ്പും കേസിൽ ഇവർ ഇടപെട്ടിട്ടുണ്ട്. കേസിൽ പൊതു താൽപ്പര്യമുണ്ട്. ഇക്കാരണത്താൽ ഹർജിക്ക് സാധുതയുണ്ടെന്ന് കോടതിക്ക് വ്യക്തമായി. ശേഷമാണ് ഹർജി പരിഗണിച്ചത്.
വഖഫ് ബോർഡിന്റെയും വഖഫ് ട്രൈബ്യൂണലിന്റെയും പരിധിയിലുള്ളതാണ് മുനമ്പം ഭൂമി. ഇത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതിയും നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരവും അവകാശവുമുണ്ടോ എന്നും കോടതി പരിശോധിച്ചു. വഖഫ് ബോർഡിന് വഖഫ് ഭൂമിയിൽ പൂർണ അധികാരമുണ്ട്. അവർക്ക് കൃത്യമായ നിയമ സംഹിതയുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാഹ്യശക്തിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി കണ്ടെത്തി.
Source link