തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന്റെ കണ്ണിനും കഴുത്തിനും പരിക്ക്, ശസ്‌ത്രക്രിയ നടത്തി

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദമിന്റെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിലാണ് സംഭവം നടന്നത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിന്നപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിസരവാസികൾ എത്തിയാണ് നായയെ തുരത്തിയോടിച്ചത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി.
കുട്ടനാട്ടിലും തെരുവുനായയുടെ ആക്രമണത്തിൽ ആൺകുട്ടിക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചുവയസുകാരനാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കാവാലം കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ് കുമാറിന്റെ മകൻ തേജസ് പ്രദീപിനാണ് കടിയേറ്റത്. കൺപോളയ്ക് മുകളിലും തലയ്ക്കും മുറിവേറ്റ തേജസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് അച്ഛന്റെ സഹോദരന്റെ മക്കളോടൊപ്പം കളിക്കുകയായിരുന്ന തേജസിനെ പരിസരത്ത് നിന്നും ഓടിവന്ന തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുന്നത് കേട്ട് അമ്മ പ്രിയ വീടിനുള്ളിൽ നിന്നും പുറത്തേക്ക് എത്തിയപ്പോഴാണ് നായ ഓടിമാറിയത്. തേജസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള കൈപ്പുഴ വീട്ടിൽ സിനുരാജിന്റെ പത്ത് വയസുള്ള മകൾ അളകനന്ദയേയും നായ ആക്രമിച്ചിരുന്നു.
Source link