പഴയ എയും ഐയും അല്ല, ഇനി എഐ; ആന്റണിയുടെ ഐഡിയ, ക്ലാസിൽ കയറാൻ കോൺഗ്രസ് നേതാക്കൾ

കോട്ടയം∙ ‘‘2026ൽ നിയമസഭ പിടിക്കാൻ പരമ്പരാഗത പ്രചാരണ തന്ത്രങ്ങളെ മാത്രം ആശ്രയിച്ചാൽ പോരാ. ആധുനിക സാങ്കേതികവിദ്യയും പരീക്ഷിക്കണം. പുത്തൻകാലത്തെ സാങ്കേതിക വിദ്യ എഐയാണ്. എഐ (നിർമിത ബുദ്ധി) സംബന്ധിച്ച വ്യക്തമായ പരിശീലനം നമ്മുടെ നേതാക്കൾക്കു ലഭിക്കണം. മുതിർന്ന നേതാക്കളെപ്പോലും ഒഴിവാക്കരുത്. കെപിസിസി മുൻകയ്യെടുക്കണം’’ – എഐയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾ വാർത്തയായ നാളുകളിൽ ഒരു ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും പറഞ്ഞ വാക്കുകളാണിത്.ആന്റണി പറഞ്ഞാൽ പാർട്ടിയിൽ പിന്നെ അപ്പീലില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും എഐയിൽ പരിശീലന ക്ലാസ് നൽകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി അവരുടെ ഉന്നത നേതാക്കൾക്ക് എഐയിൽ ക്ലാസ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ എന്ന ആമുഖത്തോടെ എഐ ഉപയോഗിച്ചുള്ള ലൈവ് ഡെമോയാണ് ആദ്യം.നേതാക്കളുടെ താൽപര്യം അനുസരിച്ചു കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകാനാണു പദ്ധതി. മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ക്ലാസിൽ പങ്കെടുക്കും. ക്ലാസിനു വേണ്ടിയുള്ള മൊഡ്യൂൾ ഉൾപ്പെടെ അച്യുത് ശങ്കർ തയാറാക്കി. രാവിലെ ഭാരവാഹി യോഗത്തിന് ഇന്ദിരാഭവനിൽ എത്തുന്ന നേതാക്കൾ ഉച്ചകഴിഞ്ഞ് മുങ്ങാതെ ക്ലാസിൽ കയറണമെന്നാണ് പാർട്ടിയുടെ നിർദേശം.
Source link