KERALAMLATEST NEWS

പത്താംക്ളാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലിട്ട് സഹപാഠി മർദ്ദിച്ചു

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വലിച്ചുകയറ്റി സഹപാഠി മർദ്ദിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ 15കാരിക്കാണ് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ പ്രണയസന്ദേശം അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് നഗരത്തിലെ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. സോഷ്യൽ സയൻസ് പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ സഹപാഠിയായ പെൺകുട്ടി കൈയിൽ പിടിച്ചുവലിച്ച് ക്ലാസ് മുറിയിലേക്ക് കയറ്റി. തുടർന്ന് കൈമുട്ടുകൊണ്ട് നടുവിന് ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ പെൺകുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിൽ നിന്നാണ് വിവരം സൗത്ത് പൊലീസിന് ലഭിച്ചത്. വിദ്യാർത്ഥിനിയുടെ കാഴ്ചയ്ക്ക് ചെറിയ വൈകല്യമുള്ളതാണ്.

മർദ്ദനമേറ്റ പെൺകുട്ടി അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പ്രതിയായ പെൺകുട്ടി നൽകിയ മറുപടിയെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇന്നലെ പി.ടി.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗം ബഹളത്തിൽ കലാശിച്ചു. പി.ടി.എ പ്രസിഡന്റും പ്രിൻസിപ്പലും എഴുതി തയ്യാറാക്കിയ കത്ത് യോഗത്തിൽ വായിച്ചത് മർദ്ദനമേറ്റ പെൺകുട്ടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു. ഇവർ ബഹളംവച്ചതോടെ ഒത്തുതീർപ്പിനെത്തിയവരും പ്രതിസന്ധിയിലായി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മറ്റൊരു പെൺകുട്ടിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button