ടി.ആർ. രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ തീരുമാനം

കോട്ടയം ∙ സിപിഎം ജില്ലാ സെക്രട്ടറിയായി ടി.ആർ.രഘുനാഥനെ തിരഞ്ഞെടുത്തു. എ.വി.റസലിന്റെ നിര്യാണത്തെ തുടർന്നാണു കോട്ടയത്തു പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.രാധാകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി വി.എൻ.വാസവൻ, പി.കെ.ബിജു, സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. കൊല്ലത്തു സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്കു രഘുനാഥൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസൽ അന്തരിച്ചത്. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു മരണം.സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗവും സംസ്ഥാന വൈസ്‌പ്രസിഡന്റും കോട്ടയം ജില്ലാ സെക്രട്ടറിയുമാണു രഘുനാഥൻ. അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്. കോട്ടയം ബസേലിയസ് കോളജിൽ പഠിക്കുമ്പോൾ എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്നു. സിപിഎം അയർക്കുന്നം ഏരിയ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമായിരുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഏഴര വർഷം പ്രവർത്തിച്ചു. എൽഡിഎഫ് ജില്ലാ കൺവീനറായിരുന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് ചെർമാനാണ്. പാമ്പാടി മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സെക്രട്ടറി, കെപിപിഎൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ: രഞ്‌ജിത. മകൻ: രഞ്‌ജിത്ത്. മരുമകൾ: അർച്ചന.
Source link