കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീതും കൂട്ടാളിയും പിടിയിൽ

അമ്പലപ്പുഴ : കവർച്ച, മോഷണം, അടിപിടി തുടങ്ങി നിരവധികേസുകളിലെ പ്രതിയും കൊടുംകുറ്റവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയിലായി. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60ലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ എടത്വ ചങ്ങങ്കരി വൈപ്പിനിശേരി ലക്ഷംവീട്ടിൽ വിനീത് ( 25 ),കൂട്ടാളി കൊല്ലം പരവൂർ കോട്ടപ്പുറം ചാത്തന്നൂർ പഞ്ചായത്ത് ആറ്റുപുറം വീട്ടിൽ രാഹുൽ രാജ് എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി നീർക്കുന്നം കൃഷി ഓഫീസിന് സമീപത്ത് അപരിചിതരായ രണ്ടുപേർ നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എസ്.ഐ ഹാഷിമിന്റെ നേതൃത്വത്തിലുള്ള ഇവരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് മനസിലായത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ അമ്പലപ്പുഴയിൽ എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടിവാൾ വിനീത് രണ്ടാഴ്ച മുമ്പ് കോട്ടയം ചിങ്ങവനത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി ആലപ്പുഴയിൽ വെച്ച് പിടിയിലായെങ്കിലും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽഎസ്.ഐമാരായ ഹാഷിം, അനീഷ് കെ.ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, നൗഷാദ്, വിഷ്ണു ജി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Source link